/sathyam/media/post_attachments/KZU4HTimyUshyUoEhKyP.jpg)
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ആ സന്ദേശമെത്തി...'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഡൗണ്‍' ! ബ്രിട്ടീഷ് രാജ്ഞി അന്തരിച്ചാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിക്ക് രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ഇത്തരത്തിലൊരു സന്ദേശം നല്‍കുന്നത്. പിന്നാലെ യുകെയില്‍ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടും. ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്‌സൈറ്റില്‍ കറുത്ത പശ്ചാത്തലത്തില്‍ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതും നടപടിക്രമങ്ങളുടെ ഭാഗമാണ്.
ഒരു യുഗത്തിന്റെ അന്ത്യം
ഒരു യുഗത്തിന്‍റെ അന്ത്യമാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ സംഭവിച്ചിരിക്കുന്നത്. 70 വർഷം ആണ് രാജ്ഞി ബ്രിട്ടനെ നയിച്ചത്. 1926 ഏപ്രില്‍ 21-ന് ജോര്‍ജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോര്‍ക്ക്) യുടെയും മകളായാണ് ജനനം. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953 ല്‍ ആയിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം.
അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു.
/sathyam/media/post_attachments/NkbkVZl534jQvmSD2FSd.jpg)
ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭര്‍ത്താവ്. 1947-നാണ് ഇവര്‍ വിവാഹിതരായത്. 2021 ഏപ്രില്‍ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവരാണ് മക്കള്‍.
ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തില്‍നിന്നുള്ള, ഏറ്റവും കൂടുതല്‍കാലം അധികാരത്തില്‍ ഇരുന്ന വ്യക്തി എലിസബത്ത് രാജ്ഞിയാണ്. 2022 ജൂണില്‍, എലിസബത്ത് അധികാരത്തില്‍ ഏറിയതിന്റെ ഏഴുപതാം വാര്‍ഷികമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ബ്രിട്ടണില്‍ നാലുദിവസം ദേശീയ ആഘോഷങ്ങള്‍ നടക്കുകയും ചെയ്തു.
/sathyam/media/post_attachments/8snPRliopYJbxxrVFhGG.jpg)
ഫിലിപ്പ് രാജകുമാരനുമായുള്ള പ്രണയം
1947 ലാണ് അകന്ന ബന്ധുവും ദീര്‍ഘകാല സുഹൃത്തുമായ ഫിലിപ് രാജകുമാരനെ വിവാഹം കഴിക്കുന്നത്. താനും ഫിലിപ് രാജകുമാരനും പ്രണയത്തിലായതെങ്ങനെയെന്നു വിശദീകരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ലേലത്തിൽ പോയിരുന്നു.
1939 ൽ 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി വളർന്നു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തീവ്രമായത്. ഒടുവിൽ ഇരുവരുടേയും വിവാഹം നടത്താൻ രാജകുടുംബം തീരുമാനിക്കുകയായിരുന്നു. 1947 നവംബർ 20 ന് ആയിരുന്നു വിവാഹം. അന്ന് ഫിലിപ്പിന് 26 വയസ്സ്. എലിസബത്തിന് പ്രായം 21. നിഴല്‍പോലെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ കഴിഞ്ഞവര്‍ഷമാണ് അന്തരിച്ചത്.
ട്വിറ്റര്‍ നിശ്ചലം, സേവനങ്ങള്‍ തടസപ്പെട്ടു
എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റര്‍ സേവനം തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്. രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ഇന്നലെ ട്വിറ്റർ ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
/sathyam/media/post_attachments/KcvgxW1d1zUS6B74vcWu.jpg)
ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവ്
എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് അധികാര കൈമാറ്റം. 73 വയസ്സാണ് ചാള്‍സിന്റെ പ്രായം. 'കിങ് ചാള്‍സ് III' എന്നാണ് ഇനി അദ്ദേഹം അറിയപ്പെടുക. പ്രിയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം തനിക്കും കുടുംബാംഗങ്ങള്‍ക്കും അത്യന്തദുഃഖത്തിന്റെ നിമിഷമാണെന്ന് ചാള്‍സ് രാജാവ് പ്രസ്താവനയില്‍ അറിയിച്ചു.
/sathyam/media/post_attachments/4WRA0ENWkcGvVGEMGwxy.jpg)
'കിങ് ചാള്‍സ് III'
ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്. ചാള്‍സ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ രാജപത്‌നിയാകും. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകളില്‍ നിറഞ്ഞ് ഡയാന രാജകുമാരിയും
ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ. ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനക്ക് രണ്ട് കുട്ടികളുണ്ട്.
/sathyam/media/post_attachments/NMUmbNVPaCCUCLOu9CZH.jpg)
വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. 1992 ല്‍ ചാള്‍സ് രാജകുമാരനും ഡയാനയും വേര്‍പിരിഞ്ഞു.
1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു. ഡയാന രാജകുമാരി വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ബക്കിങ്ഹാം കൊട്ടാരത്തിലെ പതാക പാതി താഴ്ത്താന്‍ വിസമ്മതിച്ചതും മരണത്തില്‍ മൗനം പാലിച്ചതും വിമര്‍ശനത്തിന് ഇടയാക്കി. ഡയാനയുടെ മരണം കൊട്ടാരത്തെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ചു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടു. കൊട്ടാരത്തിനുനേർക്ക് സംശയത്തിന്റെ മുനകൾ നീണ്ടു. പക്ഷേ അപ്പോഴും പരസ്യമായ വികാരപ്രകടനങ്ങളിൽ നിന്ന് എലിസബത്ത് രാജ്ഞി അകലം പാലിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us