ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റു 44–ാം ദിവസമാണു ലിസ് ട്രസിന്റെ രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു.
പ്രധാനമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ ബ്രിട്ടണില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പിന്നാലെയാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്.
പ്രഖ്യാപിത നയങ്ങളിൽ നിന്ന് ലിസ്ട്രസ് വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികൾ പ്രതിപക്ഷത്തുനിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കവേയാണ് രാജി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും രാജിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയും രാജിവെച്ച് പടിയിറങ്ങുന്നത്.
ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. താൻ പോരാളിയാണെന്നും തോറ്റുപിൻമാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.