ഖലിസ്ഥാൻ നേതാവ് അവതാർ ഖണ്ഡ ലണ്ടനിൽ മരിച്ചതായി റിപ്പോർട്ട്; മരണം വിഷം ഉളളില്‍ച്ചെന്ന്‌

New Update

ലണ്ടൻ: ഖലിസ്ഥാൻ നേതാവ് അവതാർ ഖണ്ഡ ലണ്ടനിൽ മരിച്ചതായി റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജൻസിയായ എംഐ5 റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്താർബുദത്തിന് ചികിത്സയിലായിരുന്നു ഇയാളെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ നിരോധിച്ച ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ്(കെഎൽഎഫ്) എന്ന വിഘനടവാദ സംഘടനയുടെ തലവനാണ് അവതാർ.

Advertisment

publive-image

മാർച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേരെ നടന്ന ആക്രമണത്തിൽ പ്രധാനിയായിരുന്നു അവതാർ ഖണ്ഡ. ഇന്ത്യൻ ഹൈക്കമ്മിഷനു നേരെ നടത്തിയ ആക്രമണത്തിലും ദേശീയ പതാകയെ അനാദരിക്കുന്നതിനും മുന്നിൽ നിന്ന നാലുപേരിൽ ഒരാൾ ഖണ്ഡയാണെന്ന് എൻഐഎ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

‘വാരിസ് പഞ്ചാബ് ദേ’ സംഘടന തലവനും ഖലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായി കൂടിയായിരുന്നു ഇയാൾ. പഞ്ചാബ് പൊലീസിന്റെ കണ്ണു വെട്ടിച്ച് അമൃത്പാലിന് ഒളിത്താവളമുണ്ടാക്കാൻ സഹായിച്ചവരിൽ പ്രധാനിയായിരുന്നു അവതാർ എന്നും റിപ്പോർട്ടുണ്ട്.

രൻജോത് സിങ് എന്നതാണ് യഥാർഥ പേരെന്നാണു വിവരം. ലണ്ടനിലെ സിഖ് യുവാക്കളെ ഖലിസ്ഥാൻ വാദത്തിലേക്കു നയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇയാളുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്നു. ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് തീവ്രവാദിയായിരുന്ന ഖണ്ഡയുടെ പിതാവിനെ ഇന്ത്യൻ സുരക്ഷാ സേന 1991ൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണു റിപ്പോർട്ട്. ഖണ്ഡയുടെ മാതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ പ്രവർത്തകരാണെന്നാണു വിവരം.

ഖണ്ഡ വിഷം ഉള്ളിൽചെന്നാണു മരിച്ചതെന്ന റിപ്പോർട്ട് ഖലിസ്ഥാൻ അനുകൂലികൾ ആവശ്യപ്പെടുന്നുണ്ടെന്നും അതുവഴി ഇന്ത്യൻ സുരക്ഷാ ഏജൻസികളാണു കൊലപാതകത്തിനു പിന്നിലെന്നു വരുത്തിതീർക്കാൻ ശ്രമം നടക്കുന്നതായും യുകെയിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ രണ്ടാഴ്ചയിലേറെയായി ഇയാൾ രക്താർബുദത്തിന് വെസ്റ്റ് ബിർമിങ്ങാമിലെ സാന്റ്‍വെൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും റിപ്പോർട്ടുണ്ട്.

Advertisment