New Update
Advertisment
ന്യൂയോര്‍ക്ക്: പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ഡോ.ജില്‍ ബൈഡന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 20 ന് യുഎസ്എയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പുറപ്പെടും. ജൂണ്‍ 21 ന് അദ്ദേഹം ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കും. ശേഷം പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയിലേക്ക് പോകും.
ജൂണ്‍ 22ന് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജൂണ്‍ 23ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സംയുക്തമായി പ്രധാനമന്ത്രി മോദിക്ക് ഉച്ചഭക്ഷണം നല്‍കും. ഇതിനു പുറമെ പ്രമുഖ സിഇഒമാര്‍, പ്രൊഫഷണലുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുമായി പ്രധാനമന്ത്രി മോദി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യന്‍ ഡയസ്പോറ അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.