ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ന്യൂയോർക്കിൽ ട്വിറ്റർ സിഇഒ ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തിയത് . പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷം, ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഇലോൺ മസ്‌ക്, അടുത്ത വർഷം രാജ്യം സന്ദർശിക്കുമെന്ന് അറിയിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച മസ്‌ക് "മോദിയുടെ ആരാധകൻ" എന്നും സ്വയം വിശേഷിപ്പിച്ചു. "ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതൽ വാഗ്ദാനങ്ങൾ ഇന്ത്യക്കുണ്ടെന്ന് ഞാൻ കരുതുന്നു," ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ അദ്ദേഹം പറഞ്ഞു.
"ഇന്ത്യയ്‌ക്കായി നല്ലത് കാര്യം ചെയ്യാൻ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയും. അദ്ദേഹം പുതിയ കമ്പനികളെ വരവേൽക്കാനും പിന്തുണയ്ക്കാനും ആഗ്രഹിക്കുന്നു. ഞാൻ മോദിയുടെ ആരാധകനാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുമായുള്ള കൂടിക്കാഴ്ച മികച്ച അനുഭവമായിരുന്നു. ടെസ്‌ല സിഇഒ വ്യക്തമാക്കി.
മീറ്റിംഗിൽ നിന്നുള്ള പ്രധാന കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, എലോൺ മസ്‌ക് പറഞ്ഞു, "അദ്ദേഹം ഇന്ത്യയെക്കുറിച്ച് വളരെ ശ്രദ്ധാലുവാണ്. കാരണം ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നു, ഞങ്ങൾ ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. അതിനുള്ള ശരിയായ സമയം നോക്കുകയാണ്.
അതേസമയം, സ്‌പേസ് എക്‌സിന്റെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്ത ഗ്രാമീണ മേഖലയിലെ ആളുകളെ ഇത് സഹായിക്കുമെന്നും മസ്‌ക് പറഞ്ഞു.