കാനഡ: ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ചെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. അറ്റ്ലാൻ്റിക് സമുദ്രത്തിൽ നിന്ന് കാണാതായ മുങ്ങിക്കപ്പലിലെ അഞ്ച് യാത്രക്കാരും മരിച്ചു.ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് ടൈറ്റാനിൽ ഉണ്ടായിരുന്നത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് ക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ.
ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം. ഇന്ന് വൈകീട്ട് 4.30 വരെ ഉപയോഗിക്കാൻ കഴിയുന്നത്ര ഓക്സിജൻ മാത്രമായിരുന്നു മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നത്.
അമേരിക്ക കാനഡ ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ നാവികസംഘം നാല് ദിവസം തുടർച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് ടൈറ്റാൻ എന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ജൂൺ 18ന് പൈലറ്റ് അടക്കം 5 യാത്രക്കാരുമായി ടൈറ്റാനിക്കിനെ കാണാൻ പുറപ്പെട്ട ടൈറ്റാനെ കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.
യാത്ര ആരംഭിച്ച് ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ ടൈറ്റാനും മാതൃബോട്ടുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കടലിനടിത്തട്ടിൽ പരിശോധന നടത്താൻ കഴിയുന്ന റോബോട്ടും വിദൂര നിയന്ത്രിത വാഹനങ്ങളും ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾക്ക് അര കിലോമീറ്റർ അകലെയാണ് ടൈറ്റാൻ്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.