ടൈറ്റാനിക്കിന്റെ തകർന്ന് കിടക്കുന്ന കാഴ്ച്ചകൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനി യാത്ര ദുരന്തമായി മാറിയിരിക്കുകയാണ്. അഞ്ച് പേരും മരിച്ചുവെന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടൈറ്റാനിക് സിനിമാ സംവിധായകൻ ജെയിംസ് കാമറൂൺ. അന്തർവാഹിനിയുമായുള്ള ബന്ധം തകർന്നതോടെ അപകടം മണത്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
എന്തോ സംഭവിക്കാൻ പോവുകയാണെന്ന തോന്നൽ തനിക്കുണ്ടായെന്നും കാമറൂൺ പറഞ്ഞു. ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ച ഒരു കപ്പലിൽ യാത്ര ചെയ്യുന്നതിനിടെയാണ് പേടകം കാണാതായ വിവരം അറിയുന്നത്. ഗുരുതരമായ എന്തെങ്കിലും സംഭവിക്കാതെ പേടകവുമായുള്ള ബന്ധം നഷ്ടമാകില്ല. ഇക്കാര്യം ഞാൻ പറയുകയും ചെയ്തു.
ചിന്തയിൽ വന്നത് ഉൾവലിഞ്ഞ് പൊട്ടിയതായിരിക്കാം എന്നാണെന്നും ഹോളിവുഡ് സംവിധായകനായ കാമറൂൺ വ്യക്തമാക്കി. ടൈറ്റാനിക്കിലേയും ടൈറ്റൻ അന്തർവാഹിനിയുടേയും ദുരന്തത്തിലെ സമാനതകൾ തന്നെ ഞെട്ടിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ചു പ്രവർത്തിച്ചു എന്നതിലേക്കാണ് ജെയിംസ് കാമറൂൺ വിരൽ ചൂണ്ടുന്നത്.
മഞ്ഞുമലകൾ ഉണ്ടെന്ന മുന്നറിയിപ്പുകൾ അവഗണിച്ച് ഫുൾ സ്പീഡിൽ പോയതാണ് ടൈറ്റാനിക്കിന്റെ ദുരന്തത്തിന് കാരണമായത്. ഇവിടെ ടൈറ്റൻ അന്തർവാഹിയുടെ ദുരന്തത്തിന് കാരണമായതും ഇത്തരത്തിലുള്ള നിരവധി മുന്നറിയിപ്പുകൾ അവഗണിച്ചതാണെന്ന് ജെയിംസ് കാമറൂൺ പറയുന്നു. ആഴക്കടലിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനെ സുരക്ഷാ മുന്നൊരുക്കങ്ങൾ ചൂണ്ടിക്കാട്ടി ഓഷ്യൻ ഗേറ്റിന് ഈ മേഖലയിലെ പലരും കത്തെഴുതിയിരുന്നതായും അദ്ദേഹം പറഞ്ഞു.