വാഷിംങ്ണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ ദുരന്തമായി മാറിയ അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു. യുഎസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സികാമോര്‍, ഹൊറൈസണ്‍ ആര്‍ട്ടിക് എന്നിവയില്‍ നിന്ന് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ ഇറക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു
പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും മനുഷ്യാവശേഷിപ്പുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ നിന്ന് കണ്ടെടുത്ത പേടകത്തിന്റെ അവശിഷ്ടങ്ങള്‍ യുഎസ് തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നും, തുടര്‍ന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ മനുഷ്യാവശേഷിപ്പുകള്‍ പരിശോധിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ പരിശോധനയ്ക്കു ശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കനേഡിയന്‍ കപ്പലായ ഹൊറൈസണ്‍ ആര്‍ട്ടിക് വഴിയാണ് ബുധനാഴ്ച സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ന്യൂഫൗണ്ട്ലാന്‍ഡിലെ സെന്റ് ജോണ്‍സ് കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ് ടെര്‍മിനലില്‍ എത്തിച്ചത്.
ലോകത്തിലെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ സമുദ്രനിരപ്പില്‍ നിന്നും രണ്ടു മൈല്‍ അകലെയായി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്തു നിന്നും പേടകത്തിന്റെ അഞ്ച് പ്രധാന ഭാഗങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത് അന്വേഷണത്തെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൈറ്റന്റെ ഇലക്ട്രോണിക് ഡാറ്റകള്‍ അന്വേഷണത്തിന് ഏറെ ഉപകാരപ്രദമാകും. പേടകത്തിന്റെ ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും വീണ്ടെടുക്കാന്‍ കഴിഞ്ഞതും നിര്‍ണായകമാണ്.
കണ്ടെടുത്ത അവശിഷ്ടങ്ങള്‍ വിശകലനം ചെയ്ത ശേഷം ടൈറ്റന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ പുറത്തുവിടുമെന്ന് വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് സ്ഥാപനത്തിലെ കാള്‍ ഹാര്‍ട്ട്‌സ്ഫീല്‍ഡ് പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ ടൈറ്റന്‍ അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്നും ഇനിയും ഇത്തരമൊരു സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മറൈന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ചെയര്‍ ക്യാപ്റ്റന്‍ ജേസണ്‍ ന്യൂബവര്‍ പറഞ്ഞു.
സമുദ്ര പേടകത്തിന്റെ രൂപകല്‍പ്പനയെക്കുറിച്ച് ഏറെക്കാലമായി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ പേടകത്തിന്റെ ഉടമസ്ഥരായ അമേരിക്കന്‍ കമ്പനി ഓഷ്യന്‍ ഗേറ്റിന്റെ സുരക്ഷാ ക്രമീകരണത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
1912-ല്‍ മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സുമദ്ര പേടകത്തില്‍ പോയ സംഘമാണ് ഇക്കഴിഞ്ഞ 18ന് സ്‌ഫോടനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഓഷ്യന്‍ ഗേറ്റിന്റെ തലവനും പര്യവേഷണത്തിന്റെ സംഘാടകനുമായ സ്റ്റോക്ടന്‍ റഷ് (61), ബ്രിട്ടീഷ് പര്യവേഷകന്‍ ഹാമിഷ് ഹാര്‍ഡിങ്(58), ഷഹ്സാദ ദാവൂദ്(48) അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ ദാവൂദ്(19), ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പോള്‍-ഹെന്റി നര്‍ജിയോലെറ്റ്(77) എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.