/sathyam/media/post_attachments/UXBPwcs7Fr4H1PKXWWkC.jpg)
കീവ്: റഷ്യൻ പട്ടാളം വീണ്ടും യുക്രെയ്നിൽ മിസൈൽ- ഡ്രോൺ ആക്രമണം നടത്തി. ആളപായമോ നാശനഷ്ടമോ ഉള്ളതായി വ്യക്തമായിട്ടില്ല. തലസ്ഥാനമായ കീവിൽ അടക്കം മുന്നറിയിപ്പു സൈറണുകൾ മുഴങ്ങി. കീവിലേക്കു വന്ന ഡ്രോണുകളെല്ലാം തകർത്തതായി യുക്രെയ്ൻ സേന അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഡോണറ്റ്സ്ക് മേഖലയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ മൂന്നു സിവിലിയന്മാർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ, ഡോണറ്റ്സ്കിലെ ബാക്മുത്, ലിമാൻ, മരിൻക പട്ടണങ്ങൾക്കു സമീപം റഷ്യൻ പട്ടാളവുമായി ഉഗ്രയുദ്ധം നടക്കുന്നതായി യുക്രെയ്ൻ സേന അറിയിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി വടക്കുപടിഞ്ഞാറൻ മേഖലയിലെ റിവൻ അണുശക്തിനിലയം സന്ദർശിച്ച് സൈനിക കമാൻഡർമാരുമായി ചർച്ച നടത്തി. റഷ്യയിൽ കലാപത്തിനുശ്രമിച്ച വാഗ്നർ പോരാളികൾ അയൽരാജ്യമായ ബെലാറൂസിൽ പ്രവാസം തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു സെലൻസ്കിയുടെ സന്ദർശനം.