കണ്ണൂര്‍

പയ്യന്നൂരിൽ സുനീഷ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്‍റെ അച്ഛൻ അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Friday, September 24, 2021

കണ്ണൂര്‍: പയ്യന്നൂരിൽ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് വിജീഷിന്‍റെ അച്ഛൻ അറസ്റ്റിൽ. കൊറോ സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വിജീഷിന്‍റെ അമ്മ പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം നേടിയിരുന്നു.

കഴിഞ്ഞ 29 ന് ഭർതൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭർത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷന്‍റെ മാതാപിതാക്കളെ കൂടി കേസില്‍ പ്രതി ചേർത്തത്. വിജീഷിന്‍റെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിൽ മനംനൊന്താണ് കഴിഞ്ഞ ദിവസം ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

×