രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ്; കണ്ണൂരിൽ എസ്ബിടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

New Update

publive-image

കണ്ണൂര്‍; രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കിയ എഴുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. എസ്ബിടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷറഫാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍റ് ചെയ്തെങ്കിലും ശാരീരിക അസ്വാസ്തം തോന്നിയതിനാല്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

കേസില്‍ രണ്ടാം പ്രതിയായ അഷറഫിന്‍റെ സഹോദരന്‍ പയ്യാൻപലം സ്വദേശി പിപിഎം ഉമ്മര്‍കുട്ടി ഒളിവിലാണ്. കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ പിപിഎം ഉമ്മര്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. കെട്ടിട ചട്ടങ്ങളുടെ ലംഘനമാണ് കെട്ടിട നിര്‍മ്മാണമെന്ന് നഗരസഭ കണ്ടെത്തിയിരുന്നു.

എന്നാല്‍ പൊളിക്കാന്‍ എത്തിയപ്പോള്‍ ഉമ്മര്‍കുട്ടി കോര്‍പ്പറേഷന്‍ നടപടി നിര്‍ത്തിവയ്ക്കണം എന്ന് കാണിക്കുന്ന രാഷ്ട്രപതിയുടെ ഉത്തരവ് മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കുകയായിരുന്നു. ഇത് വായിച്ച മുനിസിപ്പല്‍ സെക്രട്ടറി, ഇത് പൊലീസിന് കൈമാറി. ഉമ്മര്‍കുട്ടി നേരത്തെ ഇതേ 'രാഷ്ട്രപതിയുടെ ഉത്തരവ്' അഡീഷണല്‍ ചീഫ് സെക്രട്ടറി, ഗവ.സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്കും അയച്ചിരുന്നു.

'പ്രസിഡന്‍ഷ്യന്‍ ഡിക്രി' എന്ന പേരില്‍ വിശദമായി രാഷ്ട്രപതി നല്‍കിയ ഉത്തരവില്‍ മന്ത്രിസഭയുടെ അധികാരം ഇല്ലാതെ പാസാക്കിയ നഗരസഭ ചട്ടങ്ങള്‍ നിയമവിരുദ്ധമാണ് എന്ന് പറയുന്നു. ഉത്തരവില്‍ സംശയം തോന്നിയ പൊലീസ് ഉമ്മര്‍കുട്ടിയെയും, അഷറഫിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

അഷറഫ് ചെയ്തതായി പൊലീസ് പറയുന്നത് ഇതാണ്, പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി പരാതി നല്‍കാനുള്ള പോര്‍ട്ടലില്‍ പരാതി നല്‍കിയ അഷറഫ് അനുബന്ധ രേഖയായി രാഷ്ട്രപതിയുടെ വ്യാജ മറുപടിയും സ്കാന്‍ ചെയ്ത് കയറ്റി. അതിനാല്‍ സൈറ്റില്‍ കയറി നോക്കിയാല്‍ പരാതിക്ക് താഴെ 'രാഷ്ട്രപതിയുടെ മറുപടിയും' കാണാം. ഇത്തരത്തില്‍ കാണിച്ചായിരുന്നു തട്ടിപ്പ്.

NEWS
Advertisment