കണ്ണൂർ: കണ്ണൂരിലെ നാലുവയലിൽ പനി ബാധിച്ച് 11കാരി മരിച്ച സംഭവത്തിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. വിശ്വാസത്തിന്റെ പേരിലാണ് കുട്ടിയ്‌ക്ക് ചികിത്സ നിഷേധിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ജപിച്ച് ഊതൽ നടത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചത്.
കേസിൽ പുരോഹിതനേയും കുട്ടിയുടെ അടുത്ത ബന്ധുവിനേയും പ്രതിചേർക്കുമെന്നാണ് വിവരം. ദിവസങ്ങളായി ഫാത്തിമയ്‌ക്ക് ശക്തമായ പനിയുണ്ടായിരുന്നുവെന്നും എന്നാൽ കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും പരിസരവാസികളും നാട്ടുകാരും ആരോപിച്ചിരുന്നു.
ഇതോടെയാണ് സംഭവം പുറത്തുവരുന്നത്. ശാസ്ത്രീയമായ ചികിത്സയും വൈദ്യപരിശോധനയും നൽകാൻ താൽപര്യമില്ലാത്തവരാണ് ഫാത്തിമയുടെ കുടുംബത്തിലുള്ളവരെന്നും ആരോപണമുയരുന്നുണ്ട്.
ആധുനിക വൈദ്യശാസ്ത്ര ചികിത്സയേക്കാൾ മതപരമായ ചില ചികിത്സാരീതികൾക്ക് പ്രാമുഖ്യം നൽകിയാൽ മതിയെന്ന ചിന്താഗതിയാണ് കുടുംബം പുലർത്തിയിരുന്നത്. നേരത്തെ ഫാത്തിമയുടെ കുടുംബത്തിലെ ഒരു ബന്ധുവും ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.