കണ്ണൂർ: കണ്ണൂരിലെ നാലുവയലിൽ പനിബാധിച്ച 11കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അറസ്റ്റിലായ പിതാവിനേയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനേയും റിമാൻഡ് ചെയ്തു. ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താറും ഉസ്താദ് ഉവൈസുമാണ് റിമാൻഡിലായത്. 14 ദിവസത്തേക്കാണ് റിമാൻഡ്.
ഇരുവർക്കുമെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. ചികിത്സ നടത്താതെ മന്ത്രിച്ച് ഊതിയ വെള്ളം കുട്ടിയ്‌ക്ക് നൽകുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കുടുംബത്തിലെ മൂന്ന് അംഗങ്ങൾ കൂടി നേരത്തെ സമാനസാഹചര്യത്തിൽ മരിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയ്‌ക്ക് ചികിത്സ നൽകിയില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്.
പനിപിടിച്ച് അവശനിലയിലായ കുട്ടിയെ നിർബന്ധിച്ച് മന്ത്രവാദ ചികിത്സയിൽ പങ്കെടുപ്പിച്ചെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. ചികിത്സയുടെ ഭാഗമായി കുട്ടിയെ മർദ്ദിച്ചെന്നും വെളിപ്പെടുത്തലുണ്ട്. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.