രാജസ്ഥാനിലെ ജയ്‌സാല്‍മീരില്‍ മാഹി സ്വദേശിയായ ബൈക്ക് റൈഡറുടെ അപകട മരണം കൊലപാതകം ! നിര്‍ണായക ഇടപെടലായത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മൂന്നു വര്‍ഷമായിട്ടും ദുരൂഹമരണമെന്ന് പോലീസ് പറഞ്ഞ കേസില്‍ കെസി വേണുഗോപാലിന്റെ ഇടപെടലോടെ അന്വഷണം ഊര്‍ജ്ജിതമാക്കി. മുഖ്യമന്ത്രിയും തലശേരി എംഎല്‍എയുമൊക്കെ കയ്യൊഴിഞ്ഞ മാഹിയിലെ കുടുംബത്തിന് നീതി കിട്ടാന്‍ നിരന്തരം ഇടപെട്ട് കെസി വേണുഗോപാല്‍ ! ഒടുവില്‍ റൈഡറെ കൊന്നത് ഭാര്യയും സുഹൃത്തുക്കളുമെന്ന് തെളിഞ്ഞു ! വൈകിയെങ്കിലും നീതി പുലരുമ്പോള്‍ കെസി വേണുഗോപാലിന് നന്ദി പറഞ്ഞ് മാഹിയിലെ അര്‍ഷാദും കുടുംബവും

New Update

publive-image

കണ്ണൂര്‍ : ഭക്ഷണവും വെള്ളവും കിട്ടാതെ രാജസ്ഥാനിലെ ജയ്‌സാല്‍മീരില്‍ മരിച്ച ബൈക്ക് റൈഡറുടെ മരണം കൊലപാതകം. സഹോദരന്റെ മരണത്തിനു പിന്നാലെ മരുഭൂമിയില്‍ ഒരെത്തും പിടിയും കിട്ടാതെ വലഞ്ഞ ന്യൂമാഹി മങ്ങാട് കക്രന്റവിട അര്‍ഷാദിനു മുന്നില്‍ ദൈവദൂതനായി വന്നത് കെസി വേണുഗോപാല്‍ എംപി. പിന്നീടങ്ങോട്ട് നടന്നത് നീതി അര്‍ഷാദിനെയും കുടുംബത്തിനെയും സഹായിച്ച ദിനങ്ങളായിരുന്നു.

Advertisment

publive-image

അസ്ബാക് മോൻ (ഇടത്). അസ്ബാക് ഉപയോഗിച്ചിരുന്ന ബൈക്ക് മരുഭൂമിയിൽ (വലത്)

ന്യൂമാഹി സ്വദേശിയായ അസ്ബാക് മോന്റെ മരണമാണ് ഇന്നു കൊലപാതകമാണെന്നു തെളിഞ്ഞത്. അസ്ബാക് മോന്റെ ഭാര്യയും സുഹൃത്തുക്കളുമാണ് ഈ മരണത്തിന് പിന്നിലുണ്ടായിരുന്നത്. അന്യനാട്ടില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ അസ്ബാക്‌ മോന്റെ സഹോദരന്‍ അര്‍ഷാദിന് എല്ലാ പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഉണ്ടായിരുന്നു.

2018 ഓഗസ്റ്റ് 16നായിരുന്നു അസ്ബാക്ക് മോന്‍ ജയ്‌സാല്‍മീരിലെ മരുഭൂമിയില്‍ മരിച്ച വിവരം വീട്ടിലറിയുന്നത്. ലോകപ്രശസ്തമായ ഡക്കര്‍ ചാലഞ്ച് റേസിന്റെ യോഗ്യതാ മത്സരമായ ഇന്ത്യ ബജ റേസിന്റെ പരിശീലനത്തിനിടെയുണ്ടായ അപകടമെന്നു മാത്രമായിരുന്നു വീട്ടുകാരും അറിഞ്ഞത്.

ഒറ്റനോട്ടത്തില്‍ അപകട മരണം. നിര്‍ജലീകരണവും ഭക്ഷണം കഴിക്കാത്തതും മൂലമുള്ള മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ വിലയിരുത്തല്‍. കേസ് അവസാനിപ്പിക്കാന്‍ പോലീസ് വീട്ടുകാരെ ബന്ധപ്പെട്ടതിന് പിന്നാലെ സഹോദരന് തോന്നിയ സംശയമാണ് കൊലപാതകമെന്ന സംശയത്തിലേക്ക് നീങ്ങിയത്.

2018 സെപ്റ്റംബര്‍ 15നു തന്നെ അസ്ബാക്കിന്റെ മരണത്തില്‍ ഭാര്യ സുമേറ, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ് എന്നിവരെ സംശയമുണ്ടെന്നു കാണിച്ച് അസ്ബാക്കിന്റെ അമ്മ ജയ്‌സാല്‍മേര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദുരൂഹമരണമെന്ന നിലയിലായിരുന്നു ജയ്‌സാല്‍മേര്‍ സാം പൊലീസ് കേസ് എടുത്തതും അന്വേഷിച്ചതും.

publive-image

സുമേറ

രാജസ്ഥാനിലെ കേസ് നടത്തിപ്പ് വലിയ വെല്ലുവിളിയായിരുന്നു. എതിരാളികള്‍ ശക്തരും. മുഖ്യമന്ത്രി പിറണായി വിജയനും തലശേരി എംഎല്‍എ എ.എന്‍ ഷംസീറിനും പരാതി നല്‍കി. കേരളത്തിനു പുറത്തു നടന്ന സംഭവമായതിനാലാകണം ആരും ശ്രദ്ധിച്ചില്ല.

publive-image

വിശ്വാസ്, സഞ്ജയ്

2 വര്‍ഷത്തോളം അങ്ങനെ പോയി. ഇതിനിടെയാണ് കെ.സി വേണുഗോപാല്‍ എംപിയെ അര്‍ഷാദ് അമ്മയെയും കൂട്ടി കാണുന്നത്. അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് കെ.സി വേണുഗോപാല്‍ മാതമംഗലത്തെ വീട്ടിലുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സെക്രട്ടറിയും ഡിസിസി സെക്രട്ടറിയുമായ രാജീവന്‍ എളയാവൂരാണു കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയത്. അമ്മ മരിച്ച സമയമായിട്ടു പോലും കെ.സി വേണുഗോപാല്‍ അര്‍ഷദിനും അമ്മയ്ക്കും പറയാനുള്ളതെല്ലാം കേട്ടു. അതിനു ശേഷം അദ്ദേഹം രാജസ്ഥാന്‍ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും മലയാളിയുമായ ബിജു ജോര്‍ജ് ജോസഫിനെ വിളിച്ചു.

publive-image

അർഷദ്

പിന്നാലെ അര്‍ഷാദ് ജയ്‌സാല്‍മേറിലെത്തി ബിജു ജോസഫിനെ നേരിട്ടു കണ്ടു. അദ്ദേഹം ജയ്‌സാല്‍മേര്‍ എസ്പി ആയ അജയ് സിങ്ങിനെ വിളിച്ചതോടെയാണു കേസ് അന്വേഷണം ഊര്‍ജിതമായത്. ദൃശ്യങ്ങളുടെ കോപ്പി അര്‍ഷദ് തന്നെ എസ്പിക്കു കൈമാറി. പിന്നാലെ ഇന്‍സ്‌പെക്ടര്‍ കാന്താസിങ് ബെംഗളൂരുവിലെത്തി അന്വേഷണം നടത്തുന്നതിനിടെ, കേസ് തേച്ചുമാച്ചു കളയാന്‍ വീണ്ടും ശ്രമം നടന്നു. ഒടുവില്‍, കൊലപാതകത്തിനു പൊലീസ് കേസെടുത്തു.

പിന്നീട് പലവട്ടവും കെ.സി വേണുഗോപാല്‍ കേസില്‍ ഇടപെട്ടു. രാജസ്ഥാനിലെ ഭരണാധികാരികളുമായി നിരന്തരം ബന്ധപ്പെട്ടു. കോണ്‍ഗ്രസ് ഭരണമാണ് അവിടെയുണ്ടായിരുന്നത് എന്നതും ഗുണമായി. കേസിലിപ്പോള്‍ രണ്ടുപേര്‍ അറസ്റ്റിലാണ്.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തൊക്കെയെന്ന് അര്‍ഷാദ് പറയുന്നത് ഇങ്ങനെ : ബെംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അസ്ബാക് മോന്‍ പഠാന്‍ യുവതി സുമേറ പര്‍വേസിനെ കാണുന്നതും പ്രണയിക്കുന്നതും. 2012ല്‍ അവര്‍ വിവാഹിതരായി.

പിന്നീടു ബാങ്കില്‍ നല്ല ജോലി ലഭിച്ചതോടെ അസ്ബാക് ദുബായിലേക്കു പോയി. അവിടെ വച്ചാണു ബൈക്ക് റേസിങ്ങില്‍ അസ്ബാക്കിനു താല്‍പര്യം വര്‍ധിച്ചത്. ദുബായില്‍ വച്ച് പരിശീലനം നേടുകയും പല റേസുകളിലും വിജയിക്കുകയും ചെയ്തു. ബാങ്കില്‍ നിന്ന് അവധിയെടുത്ത്, നാട്ടിലെത്തി ബുള്ളറ്റില്‍ 28 ദിവസമെടുത്ത് ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തിരുന്നു അസ്ബാക്.

ഇതിനിടയില്‍ അസ്ബാക്കിന്റെ വിവാഹ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചതേയുള്ളു. ഒരു ദിവസം, ബംഗളുരു ആര്‍ടി നഗറില്‍ സുമേറയുടെ വീട്ടില്‍ മകളെ കാണാന്‍ പോയ അസ്ബാക്കിനെ ഗുണ്ടകള്‍ മര്‍ദിച്ചു. ദുബായില്‍ വച്ച് ഒരു തവണ സുമേറയെ അസ്ബാക് തല്ലിയതിന്റെ പ്രതികാരമായിരുന്നു അത്. ഇതിനിടെ വിവാഹ ബന്ധം ഒഴിവാക്കി പ്രശ്‌നം തീര്‍ക്കാന്‍ ഒത്തുതീര്‍പ്പു ചര്‍ച്ച തുടങ്ങിയിരുന്നു.

പിന്നീട് അസ്ബാക് ദുബായിലേക്ക് മടങ്ങി. കുറച്ചു നാളുകള്‍ക്ക് ശേഷം സുമേറ അസ്ബാക്കിനോട് മാപ്പു പറഞ്ഞു തിരികെയെത്തി. ജീവിതം വീണ്ടും നല്ല ദിവസങ്ങളിലേക്ക് മടങ്ങി. അസ്ബാക് ദുബായിലെ ജോലി രാജിവച്ച് കുടുംബവുമായി വീണ്ടും ബെംഗളൂരുവിലെത്തി.

വിദേശികളുമായി ചേര്‍ന്ന് അങ്കട്ട റേസിങ് എന്ന മോട്ടര്‍ റേസിങ് ടീം ആരംഭിച്ചു. ടീമിന്റെ പ്രധാന പരിശീലകനും അസ്ബാക് ആയിരുന്നു. നിരവധി റെയ്‌സിങ് ചാംപ്യന്‍ഷിപ്പുകളില്‍ ടീം സമ്മാനം നേടി. ഇതിനിടെ, ടീം അംഗങ്ങളായ സഞ്ജയ് കുമാര്‍, എസ് ഡി. വിശ്വാസ് എന്നിവരെ ടീമിന്റെ തന്ത്രങ്ങള്‍ എതിരാളികള്‍ക്കു ചോര്‍ത്തിയതിനു ടീമില്‍നിന്നു അസ്ബാക് പുറത്താക്കി. ഇവരാണ് അസ്ബാക്കിന്റെ കൊലപാതക കേസില്‍ പിന്നീട് അറസ്റ്റിലായത്.

കഴുത്തിലേറ്റ ആഘാതത്തെ തുടര്‍ന്നു സുഷുമ്‌നാ നാഡി പൊട്ടി മരണം സംഭവിച്ചതായാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷേ, അപകടത്തെ പറ്റി നിരവധി സംശയം ഉയര്‍ന്നു. എംപിയടക്കമുള്ളവരുടെ ഇടപെടലോടെ പോലീസും ഉണര്‍ന്നു. സഞ്ജയ്, വിശ്വാസ്, സാബിഖ് എന്നിവരെ കൊലപാതക കേസില്‍ പ്രതികളാക്കി.

സുമേറയ്‌ക്കെതിരെ ഗൂഢാലോചനയ്ക്കു കേസെടുത്തു. സഞ്ജയ്, വിശ്വാസ് എന്നിവരെ ഈ മാസമാദ്യം ജയ്‌സാല്‍മേര്‍ പൊലീസ് അറസ്റ്റും ചെയ്തു. സുമേറ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്.  കേസൊതുക്കാനുള്ള ശ്രമങ്ങളൊക്കെ നടന്നെങ്കിലും ഇനി അതുണ്ടാകില്ലെന്നും നീതി കിട്ടുമെന്നുമാണ് അര്‍ഷാദിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയ്ക്ക് നന്ദി പറയുകയാണ് ഈ കുടുംബം.

NEWS
Advertisment