/sathyam/media/post_attachments/Z7AwrwizI7UcIB14wulK.jpg)
കണ്ണൂര്‍: സംസ്ഥാന ഭരണത്തില്‍ വീണ്ടും കണ്ണൂര്‍ മേധാവിത്വത്തിനു കളമൊരുങ്ങുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കണ്ണൂരില്‍ നിന്നാണെന്നതിനു പിന്നാലെ മുന്നണിയില്‍ ശക്തനായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൂടി കണ്ണൂരില്‍ നിന്നുതന്നെ എത്തുകയാണ്.
നിലവില്‍ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷും പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനും മലബാര്‍ മേഖലയില്‍ നിന്നു തന്നെയാണ്. എന്നാല്‍ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി ശശികൂടി എത്തുമ്പോള്‍ സംസ്ഥാന ഭരണത്തില്‍ കണ്ണൂര്‍ മുഖം കൂടുതല്‍ വെളിവാക്കപ്പെടുകയാണ്.
പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ദേശാഭിമാനിയിലേയ്ക്ക് മാറും. മന്ത്രിസഭയിലെ രണ്ടാമനെന്ന് കണക്കാക്കപ്പെടുന്ന മന്ത്രി എം.വി ഗോവിന്ദന്‍ മാഷും കണ്ണൂരുകാരന്‍ തന്നെ.
അതിലുപരി ഇ.പി ജയരാജനും പി ശശിയും ഇനി ഭരണത്തിലെ ശക്തികേന്ദ്രങ്ങളായി മാറുന്നുവെന്നതും പ്രത്യേകതയാണ്. കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട ഇ.പി ജയരാജന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ഒന്നാം നിരയില്‍ പ്രതിഷ്ഠിക്കപ്പെടും.
പഴയ വിവാദങ്ങള്‍ക്കു ശേഷം പി ശശി പാര്‍ട്ടിയിലോ ഭരണത്തിലോ നിര്‍ണായക ചുമതലയിലെത്തുന്നതും ഇതാദ്യം. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് പാര്‍ട്ടിയില്‍ ജൂനിയറായ കെ.കെ രാഗേഷ് ഉണ്ടെങ്കിലും പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി എത്തുമ്പോള്‍ സി.എം ഓഫീസിന്‍റെ ചുക്കാന്‍ ശശിയിലേയ്ക്ക് മാറും എന്നത് സ്വാഭാവികം.