കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപ്പേപ്പർ ആവർത്തനം; ബോട്ടണി പരീക്ഷയ്ക്ക് നൽകിയത് 2020 ലെ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: സർവകലാശാല ബിരുദ പരീക്ഷയിൽ വീണ്ടും ചോദ്യപ്പേപ്പർ ആവർത്തനം. മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയിൽ വീഴ്ച വന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന പരീക്ഷയ്ക്കായി നൽകിയത് 2020ലെ ചോദ്യപേപ്പറിന്റെ തനിപ്പകർപ്പ്.

Advertisment

2020 ലെ ചോദ്യപ്പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു പരീക്ഷയ്ക്ക് നൽകിയത്. തിയതി മാത്രം മാറ്റിയാണ് പരീക്ഷാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയത്. സാധാരണഗതിയിൽ മുപ്പത് ശതമാനം ചോദ്യങ്ങൾ ആവർത്തിക്കാറുണ്ട്. ഇത് പക്ഷേ തിയതി മാത്രം മാറ്റി തനിപ്പകർപ്പാണ് നൽകിയത്.

ബിഎസ്‌സി പരീക്ഷകൾക്ക് കൃത്യമായി തന്നെ ചോദ്യ പേപ്പറുകൾ തയാറാക്കണം, വ്യത്യസ്ത സെറ്റുകൾ തയാറാക്കണം എന്നിങ്ങനെയാണ് സർവകലാശാല ചട്ടങ്ങൾ. ഇതിൽ ഉപയോഗിക്കാത്ത സെറ്റുകളാണ് സേ പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ടത്.

നേരത്തെ സൈക്കോളജി പരീക്ഷയിലും സമാന വീഴ്ച കണ്ടത്തിയിരുന്നു. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്. തുടർന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പർ വീഴ്ചയിൽ റിപ്പോർട്ട് തേടുകയും ചെയ്തു വൈസ് ചാൻസലർ.

പരീക്ഷാ കൺട്രോളറോടാണ് വൈസ് ചാൻസലർ റിപ്പോർട്ട് തേടിയത്. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സർവകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ.ആർ.കെ.ബിജു വൈസ് ചാൻസിലർക്ക് കത്ത് നൽകി. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Advertisment