Advertisment

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ലാനിയുടെ വിവാദ പ്രസ്താവനകള്‍ക്ക് പിന്നിലെ തന്ത്രമെന്ത് ? മാര്‍ പാമ്പ്ലാനി ഉന്നം വയ്ക്കുന്നതാരെ ? കഥയറിയാതെ ബിഷപ്പിനു പിന്നാലെ നടക്കുന്നവരില്‍ കാവിപ്പടയും ! വിവാദങ്ങള്‍ വിലയിരുത്തപ്പെടുമ്പോള്‍ !

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ലാനിയുടെ തുടര്‍ച്ചയായ രണ്ട് പ്രസംഗങ്ങളാണ് രാഷ്ട്രീയ വിവാദമായത്. റബറിന് 300 രൂപ വില നല്‍കിയാല്‍ കേരളത്തില്‍ ബിജെപിക്ക് എംപിമാര്‍ ഉണ്ടാകുമെന്നും രക്തസാക്ഷികളുടെ 'മെറിറ്റിനെ' ചോദ്യം ചെയ്തുള്ളതും.

രണ്ടും കേരള രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിയുണ്ടാക്കി. ആദ്യ പ്രസ്താവനയെ യുഡിഎഫും ഇടതുപക്ഷവും തന്ത്രപരമായി കൈകാര്യം ചെയ്തപ്പോള്‍ രക്തസാക്ഷികളെക്കുറിച്ചുള്ള പ്രസ്താവനയില്‍ സിപിഎം കേന്ദ്രങ്ങള്‍ പൊട്ടിത്തെറിച്ചു. സിപിഎം നേതാക്കളുടെ പ്രസ്താവന കരുതലോടെയാണെങ്കില്‍ 'പോരാളി ഷാജി' പോലുള്ള സിപിഎം സൈബര്‍ പോരാളികള്‍ ബിഷപ്പിനെതിരെ ആഞ്ഞടിക്കുകയാണ്.

ഇവിടെ ആകാംഷ ഉയര്‍ത്തുന്ന ഒരു ചോദ്യമുണ്ട്, ആര്‍ച്ച് ബിഷപ്പ് പാമ്പ്ലാനിയുടെ രാഷ്ട്രീയം എന്തെന്നത് ?

ആരാണീ പാമ്പ്ലാനി ബിഷപ്പ് ?

പാലായില്‍ നിന്നും മലബാറിലേയ്ക്ക് കുടിയേറിയവരാണ് ബിഷപ്പിന്‍റെ കുടുംബം. പാലായിലെ പാമ്പ്ലാനി കുടുംബം എന്നാല്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് കുടുംബമാണ്, അന്നും ഇന്നും. അതിനാല്‍ തന്നെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ലാനിയേയും കോണ്‍ഗ്രസുകാരനായി മുദ്രകുത്തുന്നതില്‍ ചില കാര്യങ്ങള്‍ ഇല്ലാതില്ല. പക്ഷേ മാര്‍ പാമ്പ്ലാനി ഇപ്പോള്‍ പറയുന്നത് അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ രാഷ്ട്രീയമല്ല; സഭയുടെ, വശ്വാസികളുടെ രാഷ്ട്രീയമാണ്. അത് തിരിച്ചറിയാത്തവരാണ് അദ്ദേഹത്തിന്‍റെ പ്രസംഗം വിവാദമാക്കുന്നത്. അക്കൂട്ടത്തില്‍ ബിജെപിക്കാരുമുണ്ട്.

publive-image


ബിഷപ്പിന്‍റെ വാക്കുകളുടെ വിശാല അര്‍ഥം അറിയാത്തവരാണ് അദ്ദേഹത്തിന്‍റെ വാക്കുകളെ ബിജെപിക്കനുകൂലമായി വ്യാഖ്യാനിക്കുന്നത്. 'റബറിന് 300 രൂപ നല്‍കിയാല്‍...' എന്ന ഉപാധി ആരും ശ്രദ്ധിക്കുന്നില്ല. ഉടനടി കേന്ദ്രസര്‍ക്കാരിന് ചെയ്യാവുന്ന ഒന്നല്ല, ആ വിഷയം. അത് നടക്കാത്ത കാലത്തോളം ആ പ്രസ്താവനകൊണ്ട് ബിജെപിക്ക് രാഷ്ട്രീയ നേട്ടങ്ങളുമില്ല.


രണ്ടാമത്തേതാണ്, രക്തസാക്ഷികളെ സംബന്ധിച്ചുള്ളത്. അങ്ങോട്ട് ഏറ്റുമുട്ടാന്‍ പോകുന്നവരാണ് ചില രക്തസാക്ഷികളെന്നതാണ് പ്രസംഗത്തിലെ സാരം. പ്രസംഗം മയപ്പെടുത്തിയെന്ന് പറയുമ്പോള്‍ ബിഷപ്പ് പാമ്പ്ലാനി പറഞ്ഞത് അതേപടി തന്നെയാണ് അതിരൂപതയുടെ വിശദീകരണ കുറിപ്പിലും എഴുതിവച്ചിരിക്കുന്നതെന്നത് കാണാതെ പോകുന്നു. പറഞ്ഞത് വിഴുങ്ങുക എന്നത് അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ രക്തത്തിലില്ലാത്ത കാര്യമാണ്.

മാര്‍ പാമ്പ്ലാനിയുടെ ഉന്നം ആര് ?

മാര്‍ പാമ്പ്ലാനി ഒരു വെറും ആര്‍ച്ച് ബിഷപ്പ് മാത്രമല്ല, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹമായ സീറോ മലബാര്‍ സഭാ സിനഡിന്‍റെ സെക്രട്ടറി കൂടിയാണ്; സിനഡ് സമ്മേളിക്കുമ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വലതുവശത്തിരിക്കുന്നയാള്‍. നിലപാടുകളിലും ആലഞ്ചേരിയുടെ വലംകൈ തന്നെ.


ഈ സാഹചര്യത്തിലാണ് മാര്‍ പാമ്പ്ലാനിയുടെ പ്രസംഗങ്ങളുടെ കുന്തമുന നീളുന്നതാര്‍ക്കെതിരെ എന്ന് പരിശോധിക്കാന്‍. അത് ആര്‍ക്ക് അനുകൂലമാണെന്ന് തല്‍പരകക്ഷികള്‍ക്ക് ഇഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കാം. അതാണ് ബിഷപ്പ് ലക്ഷ്യം വയ്ക്കുന്നതും. പക്ഷേ ആ വാക്കുകള്‍ ആര്‍ക്കെതിരാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. മാര്‍ ജോസപ് പാമ്പ്ലാനിയുടെ ലക്ഷ്യം പിണറായി സര്‍ക്കാര്‍ തന്നെയാണ്.


സര്‍ക്കാരിന്‍റെ ന്യൂനപക്ഷ പ്രീണനത്തിലെ ഇരട്ടത്താപ്പിനെതിരെയാണ് മാര്‍ പാമ്പ്ലാനിയുടെ ഒളിയമ്പ്. അതിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. പിണറായി സര്‍ക്കാരിന്‍റെ മുസ്ലിം പ്രീണന നയങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. സഭയ്ക്ക് എന്തെങ്കിലും നക്കാപിച്ച നല്‍കി മുസ്ലിം ന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന പരാതി കുറെ നാളുകളായി ബിഷപ്പുമാര്‍ക്കൊക്കെയുണ്ട്.

ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനുമേല്‍ വച്ച പല കാര്യങ്ങളിലും തീര്‍പ്പുണ്ടായിട്ടില്ല. അതിലെ അമര്‍ഷം തന്നെയാണ് മാര്‍ ജോസഫ് പാമ്പ്ലാനിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് വ്യക്തം.

Advertisment