Advertisment

ഡൽഹി സർക്കാർ ശമ്പളവും പെൻഷനും നല്കാൻ എങ്ങു നിന്നും പണം കടമെടുക്കുന്നില്ല. കഴിഞ്ഞ 7 വർഷമായി ഡൽഹിയിൽ 80% വൈദ്യുത ഉപഭോക്താക്കൾക്കും സീറോ ബില്ലാണ് ലഭിക്കുന്നത്. ഡൽഹിയിൽ 4 പേരുള്ള ഒരു കുടുംബത്തിന് മതിയായ അളവിൽ വെള്ളം സൗജന്യമായി ലഭിക്കുന്നു. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യമാണ്‌ യാത്ര. ഇതൊക്കെയല്ലേ സർക്കാർ ചെയ്യേണ്ടത് ? കാത്തിരിക്കുക ആം ആദ്മി ഉത്തരേന്ത്യയിൽ ഒരു നിർണ്ണായക ശക്തിയായി മാറാൻ പോകുന്നു - കാഴ്ചപ്പാട്

New Update

publive-image

Advertisment

യാഥാർഥ്യങ്ങൾക്കു നേരേ കണ്ണടച്ചിട്ടു കാര്യമില്ല.. ഉപതെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനയനുസരിച്ച് ആം ആദ്മി പാർട്ടി ( AAP) ഉത്തരേന്ത്യയിൽ ഒരു നിർണ്ണായക ശക്തിയായി മാറാൻ പോകുകയാണ്.

ഡൽഹിയിൽ 15 വർഷമായി ബിജെപി കയ്യടക്കിവച്ചിരുന്ന എം സി ഡി  അവർക്ക് നഷ്ടമാകുകയാണ്. ഒരർത്ഥത്തിൽ ഡൽഹിയിൽ എം സി ഡി സീറ്റുകൾ ആം ആദ്മി തൂത്തുവാരുമെന്നാണ് റിപ്പോർട്ടുകൾ.


ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വലിയൊരു ശക്തിയായി അവർ മാറാൻ പോകുകയാണ്. അതേ സ്ഥാനത്ത് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസ്സ് അവരുടെ ഫ്ലോപ്പ് ഷോ തുടരുന്നതായാണ് കാണുന്നത്.


ആം ആദ്മി ഡൽഹിയിലും പഞ്ചാബിലും നടത്തുന്ന ജനക്ഷേമ പദ്ധതികളും അഴിമതി നിർമ്മാർജ്ജനവും മറ്റു സംസ്ഥാനങ്ങളിലും ജനശ്രദ്ധ ആകർഷിക്കുകയാണ്.

നഷ്ടത്തിലോടുന്ന പൊതുമേഖലാ പ്രസ്ഥാനങ്ങളും സ്ഥിരമായ കടമെടുപ്പും കൊണ്ട് നട്ടം തിരിയുന്ന പല സംസ്ഥാന സർക്കാരുകളും അവർ സ്ഥിരമായി അവതരിപ്പിക്കുന്ന കമ്മി ബജറ്റ് മാത്രം കണ്ടു ശീലിച്ച ജനങ്ങളും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളണം.

മുൻ സർക്കാരുകൾ കമ്മി ബജറ്റവതരിപ്പിച്ചുപോന്ന ഡൽഹിയിൽ ഇപ്പോൾ ആം ആദ്മി സർക്കാർ മികച്ച ബജറ്റാണ് അവതരിപ്പിക്കുന്നത്.

ഡൽഹി സർക്കാർ ശമ്പളവും പെൻഷനും നല്കാൻ എങ്ങുനിന്നും പണം കടമെടുക്കുന്നില്ല.

കഴിഞ്ഞ 7 വർഷമായി ഡൽഹിയിൽ വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ല. വൈദ്യുതി വിതരണം നടത്തുന്നത് സ്വകാര്യ കമ്പനികളാണ്. ഒരു യൂണിറ്റ് വൈദ്യുതിപോലും ഡൽഹി സർക്കാർ ഉദ്പ്പാദിപ്പിക്കുന്നുമില്ല.


ഡൽഹിയിൽ 80% വൈദ്യുത ഉപഭോക്താക്കൾക്കും സീറോ ബില്ലാണ് ലഭിക്കുന്നത്. വെള്ളം 4 പേരുള്ള ഒരു കുടുംബത്തിന് മതിയായ അളവിൽ സൗജന്യമായി ലഭിക്കുന്നു.


സ്ത്രീകൾക്ക് ഡൽഹി സർക്കാർ ബസുകളിൽ സൗജന്യമാണ്‌ യാത്ര. ഇതുകൂടാതെ മുതിർന്ന പൗരന്മാർക്ക് 'Mukhya Mantri Tirth Yatra Yojna' പ്രകാരം ഇന്ത്യയിലെ വിവിധ തീർത്ഥാടനകേന്ദ്രങ്ങൾ പൂർണ്ണമായും സൗജന്യമായി സന്ദർശിക്കാൻ ഡൽഹി സർക്കാർ സൗകര്യമൊരുക്കു ന്നുണ്ട്.

publive-image

ഡൽഹിയിൽ റേഷൻ വിതരണം വാതിൽപ്പടി സേവനമാക്കാനുള്ള തടസ്സങ്ങൾ നീക്കാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ആം ആദ്മി സർക്കാർ. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരിനോ രാഷ്ട്രീയ പ്രസ്ഥാനത്തിനോ മാത്രമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുകയുള്ളു.


ഡൽഹിയിലെ സർക്കാർ സേവനങ്ങൾ ഭൂരിഭാഗവും വാതിൽപ്പടിയാണ്. ഫോൺ ചെയ്‌താൽ ഏജന്റ് വീട്ടിലെത്തുന്നു. രേഖകളും വിവരങ്ങളും ശേഖരിക്കുന്നു, തുശ്ചമായ ഫീസിൽ നിർദ്ദിഷ്ട സമയത്ത് ആവശ്യമായ സേവനം വീട്ടിലെത്തിക്കുന്നു.


കേരളത്തിൽ സർക്കാരിലേക്ക് വസ്തു കരമടയ്ക്കാൻ വില്ലേജിൽ പോയ ലേഖകനെ വട്ടം കറക്കിയതാണ്‌  ?

അതിർത്തിയിൽ ഡൽഹി നിവാസിയായ ഒരു സൈനികൻ മരിച്ചാൽ അദ്ദേഹത്തിൻറെ ആശ്രിതർക്ക് ഡൽഹി സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുന്നു.

മദ്യവില കേരളത്തിൽ പകൽക്കൊള്ളയാണെങ്കിൽ ഡൽഹിയിൽ അടുത്തിടെ മദ്യത്തിന് വൻതോതിൽ അവർ വിലകുറച്ചു. കാരണം അടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജമദ്യക്കടത്ത് അവസാനിപ്പിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഡൽഹിയിലെ സൗജന്യ മോഹല്ലാ ക്ലിനിക്കുകൾ, അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകൾ, ചേരിനിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ബഹുനില ഫ്‌ളാറ്റുകളുടെ നിർമ്മാണം, നഗരം മുഴുവൻ സിസിടിവി കവറിംഗ്, ഉന്നത നിലവാരമുള്ള റോഡുകൾ ഇവയൊക്കെ ആം ആദ്മി സർക്കാർ പൂർത്തീകരിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്.


ഇനി എംസിഡി തെരഞ്ഞെടുപ്പ് ജയിച്ചാൽ അരവിന്ദ് കെജ്‌രിവാൾ നൽകിയിരിക്കുന്ന 10 വാഗ്ദാനങ്ങളിൽ ഏറ്റവും പ്രമുഖമായത് താജ്മഹലിനേക്കാൾ ഉയരമുള്ള ഗാസിപ്പൂരിലെ ദുർഗന്ധം വമിക്കുന്ന മാലിന്യ മലയുടെ നിർമ്മാർജ്ജനമാണ്.


ഐക്യരാഷ്ട്രസഭ, ലോകത്തെ മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയെ മുന്പന്തിയിലാക്കാൻ കാരണവും ഈ ഗാർബേജ് മലയാണ്. 1984 മുതൽ ഡൽഹിയിലെ മാലിന്യം മുഴുവൻ ഇവിടെയാണ് കൂനകൂട്ടപ്പെട്ടിരിക്കുന്നത്. ഇത് സംസ്കരിക്കാൻ ഉള്ള നടപടികൾ ഡൽഹിയിലെ ഒരു കോർപ്പറേഷനുകളും ഇന്നുവരെ കൈക്കൊണ്ടിട്ടില്ല.

ഡൽഹി എംസിഡി യിൽ ആം ആദ്മി അധികാരത്തിലെത്തിയാൽ അവിടുത്തെ അഴിമതി തുടച്ചുനീക്കപ്പെടുന്നതുപോലെ ഈ മാലിന്യ മലയും ഇല്ലാതാക്കുമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഉറപ്പിൽ ഡൽഹിയിലെ ജനത സംതൃപ്തരാണ്. കാരണം അവർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന വിഷയത്തിൽ ഇതുവരെ കണിശക്കരായാണ് ജനം അവരെ കാണുന്നത്.


എന്തിനേറെ ഡൽഹിയിലെ മലയാളികളിൽ ഭൂരിഭാഗവും ആം ആദ്മി സർക്കാരിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നവരാണ്.


നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രം ഉറപ്പുനൽകുന്ന, പറയുന്ന കാര്യങ്ങൾ പൂർണ്ണമായും നടപ്പാക്കുന്ന അരവിന്ദ് കെജ്‌രിവാൾ സർക്കാരിൽ ഡൽഹി ജനത വിശ്വാസം അർപ്പിച്ചുകഴിഞ്ഞിരിക്കുന്നു.

ജനം അംഗീകരിച്ച ഈ വസ്തുതകളെ അതിൻ്റെ യാഥാർഥ്യ ബോധത്തോടെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാനും ഉൾക്കൊള്ളാനും ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കേണ്ടതാണ്. അല്ലാതെ വാരിക്കോരി സൗജന്യങ്ങൾ നൽകുന്നു എന്ന വിലകുറഞ്ഞ ആരോപണങ്ങൾ ജനം അവജ്ഞയോടെ തള്ളിക്കളയും എന്നതിൽ തർക്കമൊന്നുമില്ല.

Advertisment