കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവച്ച ഹൈസ്പീഡ് റെയിൽ പദ്ധതിയിലും കേരളത്തിന് ആശങ്കകൾ ഏറെയാണ്. 350 കിലോമീറ്റർ സ്പീഡിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ട്രെയിനോടിക്കാനുള്ള പാത നിർമ്മിക്കാനുള്ള പദ്ധതി 2015ലാണ് ശ്രീധരൻ സർക്കാരിന് സമർപ്പിച്ചത്.
ഭാരിച്ച പദ്ധതിചെലവ് സംസ്ഥാനത്തിന് താങ്ങാനാവില്ലെന്ന് വിലയിരുത്തി യു.ഡി.എഫ് സർക്കാർ വേണ്ടെന്നുവച്ചതാണ്. ആ പദ്ധതിയാണ് ഇപ്പോൾ ബിജെപിയുടെ ആശിർവാദത്തോടെ എൽ.ഡി.എഫ് സർക്കാർ പൊടിതട്ടിയെടുക്കുന്നത്.
ശ്രീധരൻ ശുപാർശ ചെയ്യുന്ന ഹൈസ്പീഡ് റെയിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന് പരക്കെ ആശങ്കയുണ്ട്. 2015ലെ പദ്ധതിയുടെ ഇപ്പോഴത്തെ നിർമ്മാണ ചെലവ് ഏകദേശം ഒന്നരലക്ഷം കോടിക്ക് അടുത്താണ്.
ഈ ചെലവിന്റെ 30% തുക സംസ്ഥാന സർക്കാർ മുടക്കണമെന്നാണ് ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസിയുണ്ടാക്കിയ പദ്ധതിരേഖയിൽ പറയുന്നത്. 30%തുക റെയിൽവേയും 40%തുക വായ്പയായും കണ്ടെത്തണം. ഈ വായ്പയ്ക്ക് സംസ്ഥാന സർക്കാർ ഈടുനിൽക്കണം.
ചുരുക്കത്തിൽ പദ്ധതിചെലവിൽ 60 ശതമാനം ബാദ്ധ്യത സംസ്ഥാനത്തിന്റെ തലയിലാവും. ഇതിനെല്ലാം പുറമെ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാനം വഹിക്കണമെന്നാണ് ശ്രീധരന്റെ പദ്ധതിരേഖയിലുള്ളത്. അതായത് 15,000 കോടിയോളം രൂപ ഈയിനത്തിലും സംസ്ഥാനം മുടക്കേണ്ടി വരും. ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ഇതെല്ലാം താങ്ങാനാവുന്നതല്ല.
ഇനി മറ്റൊരു കാര്യം. ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണ ചുമതല ഡി.എം.ആർ.സിക്ക് നൽകണമെന്നാണ് ശ്രീധരൻ ആവശ്യപ്പെടുന്നത്. എന്നാൽ ഹൈസ്പീഡ് റെയിലിന്റെ സാങ്കേതികവിദ്യയോ നടത്തിപ്പ് പരിചയമോ ഡി.എം.ആർ.സിക്കെന്നല്ല, രാജ്യത്ത് ആർക്കുമില്ല. നിലവിൽ ഒരേയൊരു പദ്ധതിയാണ് രാജ്യത്ത് ഇത്തരത്തിൽ പുരോഗമിക്കുന്നത്. അത് മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയാണ്. ജപ്പാൻ റെയിൽവേയാണ് ഇതിന്റെ നിർമ്മാണ ചുമതലയും മേൽനോട്ടവും വഹിക്കുന്നത്.
ജപ്പാൻ, ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവർക്ക് മാത്റമാണ് ഹൈസ്പീഡ് റെയിലിന്റെ ടെക്‌നോളജിയുള്ളത്. ഇന്ത്യൻ സർക്കാർ ജപ്പാൻ സർക്കാരുമായി ഏറെ ചർച്ചകൾക്ക് ശേഷമുണ്ടാക്കിയ ധാരണപ്രകാരമാണ് ഹൈസ്പീഡ് റെയിലിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ അവർ സമ്മതിച്ചത്. അതിനാൽ കേരളം സ്വന്തമായി ഹൈസ്പീഡ് റെയിൽവേ നിർമ്മിക്കാമെന്നു വച്ചാലും സാങ്കേതിക വിദ്യ ലഭ്യമാവില്ല. അതിന് കേന്ദ്രസർക്കാർ തലത്തിലുള്ള ശക്തമായ ഇടപെടലുകൾ വേണ്ടിവരും.
ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കും മുംബൈൽ നിന്ന് നാഗ്പൂരിലേക്കുമുള്ള രണ്ട് ഹൈസ്പീഡ് റെയിൽ പദ്ധതികൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. ഇവയ്ക്കുള്ള ഡി.പി.ആറുകൾ റെയിൽവേ ബോർഡ് പഠിക്കുകയാണ്. കേന്ദ്രത്തിന് ഏറെ താത്പര്യമുള്ള പദ്ധതികളായിട്ടും ഇവയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
കേരളത്തിൽ പുതിയ ഹൈസ്പീഡ് റെയിലിന് ഡി.പി.ആർ ഉണ്ടാക്കാൻ തന്നെ രണ്ടു വർഷമെടുക്കും. പരിസ്ഥിതി ആഘാത പഠനമടക്കം എല്ലാ പഠനങ്ങളും പൂർത്തിയാക്കാനും 2 വർഷം വേണം. വൻ ബാദ്ധ്യതയിൽ നിർമ്മിക്കുന്ന ഹൈസ്പീഡ് റെയിൽ ലാഭകരമാവുകയും അതിന് തക്കവണ്ണം യാത്രക്കാരുണ്ടായിരിക്കുകയും വേണം. ഇത്തരം പ്രാരംഭ നടപടികൾക്കു പോലും വർഷങ്ങളെടുക്കും.
അതായത്, വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും സി.പി.എമ്മിനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഒന്നായി ഹൈസ്പീഡ് റെയിൽ മാറുമെന്ന് ഉറപ്പാണ്. വികസന വിരുദ്ധരെന്ന പ്രതിച്ഛായ മാറ്റി സി.പി.എമ്മും വികസനത്തിന് വാരിക്കോരി നൽകുന്നെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ബിജെപിയും മത്സരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി ഹൈസ്പീഡ് റെയിൽ പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെയടക്കം മത്സരത്തിനിറക്കി തിരുവനന്തപുരം മണ്ഡലം പിടിക്കാൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ, അതിലേക്കുള്ള സി.പി.എമ്മിന്റെ ഒരുകൈ സഹായമായി ഹൈസ്പീഡ് റെയിലും ശ്രീധരന്റെ വരവും മാറാനാണ് സാദ്ധ്യത.