/sathyam/media/post_attachments/Xqb27MkJ9iyUHLvcYHCI.jpg)
തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വെല്ലുന്ന തരത്തിൽ അഴിമതിയുടെ അധോലോകമായി മാറുകയാണോ കേരളം. റവന്യൂ അടക്കം വകുപ്പുകളെല്ലാം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു. സർക്കാർ ഓഫീസുകളിൽ പണം നൽകാതെ ഒരു സേവനവും കിട്ടില്ലെന്ന സ്ഥിതിയാണ്.
ആശുപത്രികളിൽ കോഴ നൽകാതെ ശസ്ത്രക്രിയ പോലും ചെയ്യാത്ത ഒരുപറ്റം ഡോക്ടർമാരുണ്ട്. പാലക്കാട്ട് പാലക്കയം വില്ലേജാഫീസിലെ വില്ലേജ് അസിസ്റ്റിന്റിന്റെ താമസസ്ഥലത്ത് നിന്ന് ഒരു കോടിയിലേറെ കോഴപ്പണമാണ് പിടിച്ചെടുത്തത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ് സംസ്ഥാന വിജിലൻസ്.
അഴിമതി രഹിത കേരളം എന്ന സർക്കാർ നയം നടപ്പാക്കാൻ മിന്നൽ പരിശോധനകളും അഴിമതിക്കാരെ കെണിവച്ച് പിടിക്കുന്ന ട്രാപ്പ് ഓപ്പറേഷനുകളും സജീവമാക്കിയിരിക്കുകയാണ് വിജിലൻസ്.
ഇക്കൊല്ലത്തെ വിജിലൻസ് പരിശോധനകളും കേസുകളും സർവകാല റെക്കോർഡിലേക്കാണ് പോവുന്നത്. ഇക്കൊല്ലം ജൂൺ വരെ 33 ട്രാപ്പ് കേസുകളാണ് വിജിലൻസ് പിടികൂടിയത്. കഴിഞ്ഞ വർഷം നടത്തിയ 47ട്രാപ്പ് കേസുകളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇക്കൊല്ലം ആദ്യ 6മാസം കൊണ്ടുതന്നെ 33 കേസുകളായി. ഇക്കൊല്ലം എല്ലാ റെക്കോർഡുകളും തകർത്ത് അഴിമതിക്കേസുകൾ കുതിച്ചുയരുമെന്ന് ഉറപ്പാണ്.
സർക്കാർ ഓഫീസുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ആശുപത്രികളിലുമൊക്കെ കൈക്കൂലി വാങ്ങുന്നവരെ പരാതിക്കാരെ ഉപയോഗിച്ച് കെണിവച്ച് പിടികൂടുന്ന ഓപ്പറേഷനാണ് ട്രാപ്പ് ഓപ്പറേഷൻ. ഇതിനായി അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നോട്ടുകൾ വിജിലൻസ് പരാതിക്കാർക്ക് നൽകും.
മജിസ്ട്രേറ്റിനു മുന്നിൽ നോട്ടുകളുടെ നമ്പറുകൾ അതിനു മുൻപ് ബോദ്ധ്യപ്പെടുത്തും. നോട്ടിൽ ഫിനോൾഫതലീൻ പൊടി വിതറിയിട്ടുണ്ടാവും. ഉദ്യോഗസ്ഥൻ നോട്ട് കൈയിൽ വാങ്ങിയാലുടൻ വിജിലൻസുകാർ ചാടിവീണ് അയാളെ കീഴ്‍പ്പെടുത്തും. പിന്നീട് ഈ പൊടി രാസലായനിയിൽ മുക്കുമ്പോൾ കൈയിലും നോട്ടിലും പിങ്ക് നിറമാവും. ഇതാണ് വിജിലൻസിന്റെ ട്രാപ്പ് ഓപ്പറേഷൻ.
ഈ ഓപ്പറേഷന് സാക്ഷിയായി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനുണ്ടായിരിക്കും. ഓപ്പറേഷന്റെ ഓരോ നീക്കങ്ങളും വീഡിയോ ക്യാമറയിൽ പകർത്തുകയും ചെയ്യും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ഇത്തരം ട്രാപ്പ് ഓപ്പറേഷനുകൾ നടത്താറുള്ളത്.
അഴിമതിക്കാരെ കൈയോടെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷനുകൾ വിജിലൻസ് ഇനിയും കൂട്ടും. 2015ൽ 20, 2016ൽ 20, 2017ൽ21, 2018ൽ 16, 2019ൽ 17, 2020ൽ24, 2021ൽ 30, 2022ൽ 47 ഇങ്ങനെയാണ് ഇതുവരെയുള്ള ട്രാപ്പ് കേസുകളുടെ കണക്ക്. പാലക്കാട് പാലക്കയത്തെ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിൽ നിന്ന് ഒരു കോടിയിലേറെ രൂപയടക്കം പിടിച്ചെടുത്തതാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ ട്രാപ്പ് ഓപ്പറേഷൻ.
തൃശൂരിലെ സർജനെ 15ലക്ഷം രൂപയുമായും 11ലക്ഷം രൂപയും ഒന്നര കിലോ സ്വർണവുമായി കോഴിക്കോട്ടെ ഡോക്ടറെയും പിടികൂടിയതും വലിയ ഓപ്പറേഷനുകളായി. സമാനമായ ഓപ്പറേഷനുകൾ തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.
ഇക്കൊല്ലം ഇതുവരെ 46രഹസ്യ പരിശോധനകളും 43 പ്രാഥമിക അന്വേഷണങ്ങളും 42 വിജിലൻസ് അന്വേഷണങ്ങളും 489 മിന്നൽ പരിശോധനകളുമാണ് വിജിലൻസ് നടത്തിയത്. ഇക്കൊല്ലം ജൂൺ വരെ 5279 പരാതികളാണ് വിജിലൻസിന് ലഭിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തിനടക്കം 93 കേസുകൾ ജൂൺ വരെ രജിസ്റ്റർ ചെയ്തു.
2021ൽ82ഉം 2020ൽ 79ഉം കേസുകളാണെടുത്തിരുന്നത്. ട്രാപ്പ് ഓപ്പറേഷനുകൾ മാത്രമല്ല, കേസുകളുടെയും അന്വേഷണങ്ങളുടെയും മിന്നൽപരിശോധനകളുടെയും നിരക്കും ഇക്കൊല്ലം കുത്തനേ ഉയരുമെന്നാണ് വിജിലൻസ് പറയുന്നത്.
അതേസമയം, സർക്കാർ ഓഫീസുകളിൽ കൈക്കൂലി വാങ്ങുന്ന ചെറുമീനുകളെയല്ലാതെ വമ്പൻ സ്രാവുകളെ തൊടാൻ വിജിലൻസിന് ധൈര്യമില്ലെന്ന ആക്ഷേപവും ശക്തമാണ്. അടുത്തിടെ നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും എതിരേ വിജിലൻസ് കേസെടുക്കാനും അന്വേഷണത്തിനും സർക്കാരിന്റെ അനുമതി വേണം.
ലഭിക്കുന്ന പരാതികൾ സർക്കാരിലേക്ക് അയയ്ക്കലാണ് വിജിലൻസിന്റെ പ്രധാന പണി. ഇതിൽ രാഷ്ട്രീയ വൈരാഗ്യമില്ലാത്ത കേസുകളിലൊഴിച്ച് മറ്റൊന്നിലും സർക്കാർ അന്വേഷണത്തിനും കേസിനും അനുമതി നൽകാറില്ല.
സമീപകാലത്ത് വിജിലൻസ് സർക്കാരിലേക്കയച്ച നിരവധി പരാതികളിൽ ഇതുവരെ തീരുമാനമുണ്ടായിട്ടുമില്ല. സെക്രട്ടേറിയറ്റിൽ ഇവയെല്ലാം പൂഴ്‍ത്തുകയാണ് പതിവ്. വൻസ്രാവുകളുടെ അഴിമതിയും കണ്ടെത്താൻ വിജിലൻസിന് കഴിയണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us