കാസർകോട്: മഹാരാജാസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയായിരുന്നെന്ന വ്യാജരേഖ നൽകി കോളേജ് അദ്ധ്യാപികയുടെ ജോലി നേടാൻ ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് വിദ്യ ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി.
അതിനിടെ, കാസർകോട്ടെ വിദ്യയുടെ വീട്ടിലെ റെയ്ഡിന്റെ വിവരം പോലീസ് ചോർത്തി നൽകി. ഇതേത്തുടർന്ന് പോലീസ് എത്തുന്നതിന്റെ തലേദിവസം വീട്ടുകാരുമായി വിദ്യ സ്ഥലംവിട്ടു. അഗളിയിൽ നിന്നെത്തിയ പോലീസ് ഒന്നും കണ്ടെത്താനാവാതെ തിരിച്ചുപോയി.
അതിനിടെ, വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. ഒരിടത്തു വിദ്യാർത്ഥിയായും മറ്റൊരിടത്ത് അദ്ധ്യാപികയായി നിന്നുമാണ് വിദ്യ എംഫിൽ നേടിയത്. ഇത് ചട്ടലംഘനമാണ്.
2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്‌കൃത സർവകലാശാല സെന്ററിലിലാണ് വിദ്യ എം.ഫിൽ പഠിച്ചത്. അതേ കാലയളവിൽ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം ഡിപ്പാർട്ട്‌മെന്റ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്തെന്നാണ് കെ.എസ്.യു പറയുന്നത്.
യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർത്ഥിയായും മറ്റൊരു സ്ഥലത്ത് അദ്ധ്യാപികയായും പ്രവർത്തിച്ചു. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫെലോഷിപ്പും കോളേജിൽ നിന്ന് ശമ്പളം ഒരേ സമയം കൈപ്പറ്റി.
എസ്.എഫ്.ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയതെന്നും അതു കൊണ്ട് എസ്.എഫ്.ഐക്ക് കഴുകാനാവില്ലെന്നും കെ.എസ്.യു പറയുന്നു. എസ്.എഫ്.ഐ ഐയുടെ യു.യു.സി ആയതുകൊണ്ട് 2019 നവംബർ 25ന് സംസ്‌കൃത സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അദ്ധ്യാപികയായി വിദ്യ തുടർന്നു.
യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 2019-20 കാലഘട്ടത്തിൽ തന്നെയാണ് പിൻവാതിൽ വഴി പിഎച്ച്ഡി പ്രവേശനം നേടിയത്. സംവരണ തട്ടിപ്പ് നടത്തിയെന്നതടക്കം പരാതികൾ സർവകലാശാല അന്വേഷിക്കുന്നുണ്ട്.
യുജിസി റെഗുലേഷൻ അനുസരിച്ച് 20% എസ് .സി .എസ് .ടി സംവരണം നിർബന്ധമാണ്. അത് വിദ്യയുടെ പി.എച്ച്.ഡി പ്രവേശന ലിസ്റ്റിൽ പാലിക്കപ്പെട്ടില്ലെന്നും കെ.എസ്.യു ആരോപിച്ചു. കൂടാതെ മൂന്നുവർഷം അദ്ധ്യാപന പരിചയം നിർബന്ധമാണ് എന്ന മാനദണ്ഡമുള്ള കണ്ണൂർ സർവകലാശാല വാല്യുവേഷൻ ക്യാമ്പിൽ വിദ്യ എങ്ങനെ പങ്കെടുത്തു എന്നതും ദുരൂഹം.
തൃക്കരിപ്പൂർ മണിയനൊടി സ്വദേശിയാണ് കെ. വിദ്യ. നിലേശ്വരം, അഗളി പോലീസുകളാണ് വിദ്യയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. നീലേശ്വരം പോലീസ് വീട് പൂട്ടിയിട്ട നിലയിൽ കണ്ടതോടെ തിരിച്ചു പോയി. തുടർന്ന് അൽപ്പ സമയത്തിനു ശേഷം വീട് സെർച്ച് ചെയ്യുന്നതിനുള്ള വാറണ്ടുമായി അഗളി പോലീസ് സ്ഥലത്തെത്തി.
ഇൻസ്പെക്ടർ സലീമിന്റെ നേതൃത്വത്തിൽ ഒരു വനിതാ പോലീസടക്കം മൂന്നംഗ ടീമാണ് സ്ഥലത്തെത്തിയത്. വീട് പൂട്ടിയിട്ടതിനാൽ അയൽവാസികളോടും നാട്ടുകാരുമായി അന്വേഷണം നടത്തി. തുടർന്നാണ് വിദ്യയുടെ പിതാവ് വിജയന്റെ സഹോദരിയുടെ തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് താക്കോൽ വാങ്ങിയ അഗളി പോലീസ് വീട് തുറന്ന് പരിശോധന നടത്തി.
ഒന്നര മണിക്കൂർ നേരം പോലീസ് വീട്ടിൽ പരിശോധന നടത്തി. കഴിഞ്ഞ വർഷം ജൂൺ മുതൽ 2023 മാർച്ച് വരെയാണ് മഹാരാജാസ് കോളേജിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചറായി ജോലി നേടിയത്.