ആലപ്പുഴ: സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി ജി. സുധാകരൻ. പാർട്ടിയിൽ പദവികൾക്ക് പ്രായപരിധിയുണ്ടെന്ന് സുധാകരൻ പറഞ്ഞു. എന്നാൽ പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ല. മരിക്കും വരെ പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തിക്കാൻ പ്രായപരിധിയുണ്ട് എന്ന് ചിന്തയുള്ള ചിലർ ആലപ്പുഴയിലുണ്ട്. അങ്ങനെയുള്ളവർ സൂക്ഷിക്കണം. തനിക്ക് പ്രായപരിധി ആയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ സ്ഥാനം വെറുതെ കിട്ടില്ല. പ്രവർത്തിക്കണം. പ്രവർത്തിക്കുന്പോൾ സ്ഥാനം കിട്ടിയില്ലെങ്കിൽ ചോദ്യം ചെയ്യണം. പ്രവർത്തിച്ച പലർക്കും സ്ഥാനം കിട്ടിയിട്ടില്ല. സ്ഥാനം വരികയും പോകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനങ്ങൾ അലങ്കരിക്കാൻ ഒരു പ്രത്യേക പ്രായപരിധിയാണല്ലോ നിശ്ചയിച്ചിരിക്കുന്നത്. തനിക്ക് ആ പ്രായം ഒന്നും ആയില്ല. അതിനുമുൻപെ താൻ എഴുതികൊടുത്ത് ഒഴിവായെന്നും സുധാകരൻ കൂട്ടിച്ചേർത്തു.