തിരുവനന്തപുരം: കേരളത്തിന് ലോകബാങ്കിന്റെ 1,230 കോടി രൂപ വായ്പ. പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനായാണ് ലോകബാങ്ക് ഈ തുക അനുവദിച്ചത്.
തീരശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളിലും വായ്പാ തുക പ്രയോജനപ്പെടുത്താൻ കഴിയുമെന്നു ലോകബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു.
ദക്ഷിണേന്ത്യൻ തീരത്തു സ്ഥിതി ചെയ്യുന്ന സംസ്ഥാനമൈന്ന നിലയിൽ കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾക്കും തീരശോഷണം ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങളുമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇവയെ പ്രതിരോധിക്കുന്നതിനായി വായ്പ അനുവദിക്കേണ്ടതുണ്ടെന്നു വിലയിരുത്തിയാണ് ലോകബാങ്ക് നടപടി.
പകർച്ചവ്യാധി പ്രതിരോധം, കാലാവസ്ഥ വ്യതിയാനം മൂലമുള്ള മറ്റു പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കും വായ്പ തുക വിനിയോഗിക്കാം. തീരശോഷണത്തെ തുടർന്നുള്ള നാശനഷ്ടം തടയാനും വരാനിരിക്കുന്ന തീരശോഷണം പ്രതിരോധിക്കാനും വായ്പാ തുക വിയനിയോഗിക്കാനാകും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ പദ്ധതികൾ നടപ്പാക്കാൻ ഇതുവഴി സാധിക്കും.