തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി.
മോൻസൻ പ്രതിയായ പോക്സോ കേസിൽ സുധാകരനെതിരേ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനം ആണെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് ആരോപിക്കുന്നു.
ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കാനായി ബോധപൂർവമാണ് ഗോവിന്ദൻ ഈ നീക്കം നടത്തിയതെന്നും നവാസ് പറഞ്ഞു.
തന്നെ മോന്സന് പീഡിപ്പിക്കുമ്പോള്‍ സുധാകരന് അവിടെയുണ്ടായിരുന്നെന്ന് അതിജീവിത പറഞ്ഞെന്നും ഈ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ പോലീസ് വിളിപ്പിച്ചതെന്നുമാണ് ഗോവിന്ദൻ ആരോപിച്ചത്. എന്നാൽ, സുധാകരന് അവിടെയുണ്ടായിരുന്നെന്ന് ഇര മൊഴി നൽകിയിട്ടില്ലെന്ന് കേസിലെ മോന്‍സന്റെ അഭിഭാഷകനായ എം.ജി.ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.