എ.ഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വന്നാൽ സർക്കാരിന് വെല്ലുവിളിയാവും. കരാർ രേഖകൾ അഴിമതി സാക്ഷ്യപ്പെടുത്തുന്നതായി പ്രതിപക്ഷം. ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്താൻ പോലീസ് പോരാ, കോടതി നേരിട്ട് അന്വേഷിക്കണമെന്ന് ചെന്നിത്തലയും സതീശനും. നിയമവിരുദ്ധമായ കരാറുകൾ റദ്ദാക്കണമെന്നും ആവശ്യം.

New Update

publive-image

Advertisment

കൊച്ചി: വിവാദ കൊടുങ്കാറ്റുയർത്തിയ എ.ഐ ക്യാമറ ഇടപാടിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഹർജികൾ കോടതി അംഗീകരിച്ചാൽ അത് സർക്കാരിന് വലിയ തലവേദനായിരിക്കും. ക്യാമറ ഇടപാടിൽ ഭരണത്തിലെ ഉന്നതർക്കു പങ്കുണ്ടെന്നും ഇടപാടിലെ അഴിമതിയെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുമാണ് ഇരുവരുടെയും ആവശ്യം.

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വന്നാൽ അത് തങ്ങൾക്ക് തിരിച്ചടിയാവുമെന്ന് സർക്കാരിന് നന്നായറിയാം. ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്താൻ പോലീസ് പോരാ കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് ചെന്നിത്തലയും സതീശനും കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എൻ.വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇരുവരുടെയും പൊതുതാത്പര്യ ഹർജി ചൊവ്വാഴ്ച പരിഗണിക്കുന്നത്.

ഇടപാടിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും എ.ഐ ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. പദ്ധതിയുടെ കരാർ ലഭിച്ച കെൽട്രോണിന്റെ യോഗ്യതയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

പദ്ധതിക്ക് സർക്കാർ നൽകിയ ഭരണാനുമതിയും സമഗ്ര ഭരണാനുമതിയും റദ്ദാക്കണം, ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മറ്റും വേണ്ടി കെൽട്രോണും എസ്.ആർ.ഐ.ടിയും തമ്മിൽ ഉണ്ടാക്കിയ കരാറും പദ്ധതി നടത്തിപ്പിന് മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാൽ റദ്ദാക്കണം എന്നീയാവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതി സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.

236 കോടി രൂപ ചെലവിട്ടു ബി.ഒ.ഒ.ടി (ബിൽഡ്, ഓൺ, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്‌ഫർ) മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിക്കായി കെൽട്രോൺ തയ്യാറാക്കിയ ഡി.പി. ആർ ധനകാര്യവകുപ്പ് നേരത്തേ തള്ളിയതാണ്. പദ്ധതി ഗുണഭോക്താക്കൾക്ക് അധികാരത്തിലെ ഉന്നതരുമായി നേരിട്ടുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ഇതു നടപ്പാക്കാൻ കാരണം. പദ്ധതിക്കു വേണ്ട സാങ്കേതിക പരിജ്ഞാനം കെൽട്രോണിനില്ല.

ഐ.ടി പദ്ധതികളിൽ കെൽട്രോണിന് പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് പദവിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ബി.ഒ.ഒ.ടി മാതൃകയിലുള്ള പദ്ധതിക്ക് മൂന്നു മാസം കൂടുമ്പോൾ 11.79 കോടി രൂപ നൽകണം. ബി.ഒ.ഒ.ടി പ്രകാരമുള്ള പദ്ധതിക്ക് ഇങ്ങനെ തുക നൽകേണ്ടതില്ല. ഇലക്ട്രോണിക് മൊഡ്യൂളുകൾ, സോഫ്ട്‌വെയർ തുടങ്ങിയവയ്ക്കുള്ള ടെണ്ടറിൽ എസ്.ആർ.ഐ.ടി ഉൾപ്പെടെ നാലു കമ്പനികൾ പങ്കെടുത്തിരുന്നു. മറ്റു മൂന്നു കമ്പനികൾ എസ്.ആർ.ഐ.ടിയുടെ പ്രോക്‌സികളായിരുന്നു.

151.10 കോടി രൂപയ്ക്കാണ് എസ്.ആർ.ഐ.ടിക്ക് കരാർ നൽകിയത്. ഇവർക്ക് ആകെയുള്ള പരിചയം കെ ഫോൺ പദ്ധതിയിലാണ്. അതു മറ്റൊരു കുംഭകോണമാണ്. ഒറ്റ കമ്പനിയെന്ന നിലയിലാണ് എസ്.ആർ.ഐ.ടി ടെണ്ടറിൽ പങ്കെടുത്തത്. പ്രസാഡിയോ കമ്പനിയും അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയും 2020 സെപ്തംബർ 12 നാണ് ഇതിന്റെ ഭാഗമായത്. ടെണ്ടർ ലഭിച്ച ശേഷമാണ് കൺസോർഷ്യം രൂപീകരിച്ചത്.

കെൽ‌ട്രോണും സ്.ആർ.ഐ.ടിയുമായുണ്ടാക്കിയ സർവീസ് ലെവൽ കരാർ പ്രകാരം കെൽട്രോൺ 20 തവണകളായി 7.56 കോടി രൂപ വീതം നൽകണം. നടപടി സുതാര്യമല്ലെന്നു കണ്ട് അൽഹിന്ദ് കമ്പനി പിൻമാറി. ഇതേത്തുടർന്ന് കരാർ ഭേദഗതി അനിവാര്യമായിരുന്നെങ്കിലും ഇതു ചെയ്തില്ല. ഈ ആരോപണങ്ങളടങ്ങിയ ഹർജിയിൽ ഹൈക്കോടതി എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Advertisment