വിദ്യയെ പിടികൂടിയത് 15 ദിവസത്തിന് ശേഷം. പൊലീസ് കസ്റ്റഡിയിലെടുത്തത് കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്. വിദ്യ കുടുങ്ങിയത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ. നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും

New Update

publive-image

Advertisment

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്. കേസ് എടുത്ത് പതിനഞ്ച് ദിവസത്തിന് ശേഷമാണ് വിദ്യയെ പിടികൂടിയത്. വിദ്യയ്ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേപ്പയ്യൂര്‍ കുട്ടോത്തുനിന്ന് അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മേപ്പയൂര്‍, വടകര ഭാഗങ്ങളിള്‍ വ്യാപക തെരച്ചില്‍ അഗളി പൊലീസ് നടത്തിയിരുന്നു. വെളുപ്പിന് മൂന്നുമണിയോടെ വിദ്യയെ അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കും എന്നാണ് പ്രാഥമിക വിവരം. ശേഷം, മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ വിദ്യ പറഞ്ഞിരുന്നത്.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

Advertisment