/sathyam/media/post_attachments/9FdZDvvYB3NfbKoCg2GL.webp)
പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ.വിദ്യ തയ്യാറാക്കിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി അന്വേഷണസംഘം. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റാണ് കണ്ടെത്തിയിട്ടുള്ളത്.
കൊച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നുമാണ് പ്രിന്റ് കണ്ടെത്തിയത്. തുടർന്ന് ഇന്റർനെറ്റ് കഫേ ഉടമയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പോലീസ് സൈബർ വിദഗ്ധനെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ ഗസറ്റ് ലക്ചർ അഭിമുഖത്തിന് വേണ്ടിയാണ് വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്.
രണ്ട് വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇത്തരത്തിൽ വിദ്യ ഹാജരാക്കിയത്. എന്നാൽ, മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞുവെന്ന് വിദ്യ പോലീസിന് മൊഴി നൽകിയിരുന്നു.
വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ, കാലപ്പഴക്കമുള്ളതിനെ തുടർന്ന് മറ്റു വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈൻഡിംഗ് എന്നിവ പാലാരിവട്ടത്തെ കഫേയിൽ നിന്ന് തന്നെയാണ് വിദ്യ പ്രിന്റ് എടുത്തിട്ടുള്ളത്.