തിരുവനന്തപുരം: 10 ദിവസം മുമ്പ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് ഒളിച്ചു കളി തുടരുന്നു. മാസ്കറ്റ് ഹോട്ടലിനു സമീപത്തെ പുളിമര കൊമ്പിലാണ് ഇപ്പോൾ. കുരങ്ങിനെ കാണാൻ കാഴ്ചക്കാരും കൂടുതലായി എത്തുന്നുണ്ട്. ഇടയ്ക്ക് പുളിയൊക്കെ തിന്ന് കാഴ്ചയൊക്കെ കണ്ട് രസിച്ചാണ് കുരങ്ങിന്‍റെ വികൃതികള്‍. എന്നാല്‍ താഴെ മൃഗശാല ജീവനക്കാർ കണ്ണും നട്ടിരിപ്പാണ്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെ ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. മൃഗശാലയ്ക്ക് പുറത്ത് തിരച്ചിൽ തുടരുന്നതിനിടയിൽ കുരങ്ങ് തിരിച്ചെത്തിയിരുന്നു. കൂട്ടിൽ കയറാതെ, മൃഗശാലയിലെ ആഞ്ഞിലി മരത്തിൽ ഇരിപ്പുറപ്പിച്ചിരിക്കുകയായിരുന്നു.
ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്കിറങ്ങാൻ കൂട്ടാക്കാതെ മരത്തിൽ ഇരിപ്പായിരുന്നു. ഇതിനിടയിൽ നാല് ദിവസം മുമ്പ് മരത്തിൽ നിന്നും കുരങ്ങിനെ കാണാതായി. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ തുടരുന്നതിനിടയിലാണ് മസ്കറ്റ് ഹോട്ടലിലെ മരത്തിൽ കുരങ്ങിനെ കണ്ടെത്തിയത്.