കൊച്ചി: മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറസ്റ്റിൽ.
എട്ട് മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ നടപടികൾ പൂർത്തിയാക്കി സുധാകരൻ ഉടൻതന്നെ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.
അറസ്റ്റ് വിവരം പുറത്തുവന്നതോടെ ജാമ്യനടപടികൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ഇവർ സുധാകരനെ ജാമ്യത്തിലെടുത്ത് മടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
നേരത്തെ, കേസിൽ രണ്ടാഴ്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുധാകരന് കോടതി അനുവദിച്ചിരുന്നു. സിആര്‍പിസി 41 പ്രകാരം നോട്ടീസ് നല്കിയതിനാല് 50,000 രൂപ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലും സുധാകരനെ വിട്ടയയ്ക്കും.
മോന്സൻ ആവശ്യപെട്ടപ്രകാരം ചിലർ അദ്ദേഹത്തിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം രൂപ സുധാകരന് കൈപ്പറ്റിയെന്നുമാണ് കേസ്. പരാതിക്കാര്‍ നല്കിയ തെളിവുകള്‍, മോന്‍സന്റെയും ജീവനക്കാരുടേയും മൊഴി എന്നിവയാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകള്‍.
സംഭവം നടന്നെന്ന് പറയുന്ന ദിവസം സുധാകരൻ മോൻസനൊപ്പം ഉണ്ടായിരുന്നെന്ന ഡിജിറ്റല്‍ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.