/sathyam/media/post_attachments/xK5UA9XtfQvMi0ipNPaD.jpg)
തിരുവനന്തപുരം: കൈവെട്ട് കേസിലെ രണ്ടാംഘട്ട ശിക്ഷാ വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. പ്രതികൾ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞാൽ ഇരയ്ക്ക് നീതി ലഭിച്ചുവെന്ന വിശ്വാസം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
2015 ൽ ആദ്യഘട്ട വിധി വന്നപ്പോൾ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു. പ്രതികളെ ശിക്ഷിക്കുന്നതിൽ ഉത്ക്കണ്ഠയില്ല. സാധാരണ പൗരനെ പോലെ കൗതുകമേയുള്ളു. രാജ്യത്തിന്റെ നീതി നടപ്പാക്കുന്നുവെന്ന് മാത്രമെന്നും പ്രതികളെ ശിക്ഷിച്ചതിൽ പ്രത്യേകിച്ച് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികളും തന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ നിയമത്തിന്റെ പേരിലാണ് അവർ തന്നെ ഉപദ്രവിച്ചത്. ഇതുപോലുള്ള പ്രാകൃത രീതികളിൽ നിന്നും എല്ലാവർക്കും മോചനം ലഭിക്കണം.
പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാ ധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്‌നമാണ്.
തന്നെ ഉപദ്രവിച്ചവരൊന്നും തന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവർത്തികൾ മാത്രമാണ്. ഇതിനെല്ലാം നിർദ്ദേശിച്ചവരാണ് യഥാർത്ഥ കുറ്റവാളികൾ അവരെ പിടിക്കാൻ സാധിച്ചിട്ടില്ല.
അവരെല്ലാം കാണാ മറയത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആരും തന്റെ ജീവിതം തകർത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങൾ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും ടി ജെ ജോസഫ് കൂട്ടിച്ചേർത്തു.