ആഫ്രിക്കന്‍ പന്നിപ്പനി ; തൃശൂരിൽ ചട്ടിക്കുളത്തെ ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്ന് സംസ്ക്കരിച്ചു

New Update

publive-image

Advertisment

തൃശൂര്‍: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തൃശൂര്‍ ചട്ടിക്കുളത്തെ പന്നിഫാമിലെ മുഴുവന്‍ പന്നികളെയും കൊന്ന് സംസ്‌കരിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി. രോഗബാധ മനുഷ്യരിലേക്ക് പകരില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തൃശൂര്‍ ചാലക്കുടി ചട്ടിക്കുളത്തെ ഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്ന സ്ഥിരീകരണം. പരിശോധന ഫലം പുറത്ത് വന്നതിന് പിന്നാലെ ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്ന് സംസ്‌കരിച്ചു.

207 പന്നികളെയാണ് നടപടിയുടെ ഭാഗമായി കൊന്നത്. ഫാം 6 മാസത്തേക്ക് പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്.മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പന്നികളെ കുഴിയെടുത്ത് സംസ്‌കരിച്ചു.

രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ഫാമിലും നടപടിയുണ്ടാകും. രോഗ ബാധ മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ലെന്ന് അസിസ്റ്റന്‍റ് പ്രൊജക്‌ട് ഓഫീസര്‍ ഡോ.എവി പ്രകാശന്‍ അറിയിച്ചു.

പ്രദേശത്തെ ഫാമുകള്‍ ഉടന്‍ അണുവിമുക്തമാക്കാനും നിര്‍ദേശമുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്ന് മറ്റു ഫാമിലേക്ക് 2 മാസത്തിനുള്ളില്‍ പന്നികളെ കൊണ്ട് പോയിട്ടുണ്ടോ എന്ന് പരിശോധിക്കും. പന്നികളെ അനധികൃതമായി കടത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.

Advertisment