തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ കെട്ടിയിട്ട് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ ആണ് പിടിയിലായത്. അതിക്രമിയിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവതി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ടാണ് കിരൺ യുവതിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ഒരു ഗോഡൗണിലെത്തിച്ച് മര്‍ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തത്.
കൈകൾ ബന്ധിക്കപ്പെട്ട് ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട യുവതി ഇന്ന് രാവിലെ ഓടി രക്ഷപ്പെടുകയായിരുന്നു. വിവസ്ത്രയായി ഓടി രക്ഷപ്പെട്ട യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
യുവതി മറ്റൊരു സുഹൃത്തിനൊപ്പം ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. ഗോഡൗണിലെത്തിച്ച് അതിക്രമത്തിന് ഇരയാക്കിയ യുവതിയുടെ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചു.
രക്ഷപ്പെട്ട യുവതിയെ പിന്തുടർന്നെത്തിയ കിരൺ നാട്ടുകാർ ഓടിക്കൂടുന്നത് കണ്ടപ്പോഴാണ് സ്ഥലത്ത് നിന്ന് കടന്നത്. ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.