കോട്ടയം: കേരളം വ്യവസാഹ സൗഹൃദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിലും വിദേശത്തും പോയി ഒരേ സ്വരത്തിൽ പറയുമ്പോഴാണ് സ്വന്തം ബസ് നിരത്തിലിറക്കാൻ കഴിയാതെ കോട്ടയം തിരുവാർപ്പിലെ രാജ്‌മോഹൻ എന്ന ബസുടമ കഷ്ടപ്പെടുന്നത്. ഒറ്റയാൾപ്പോരാട്ടം നടത്തി ബസ് ഓടിക്കാൻ കോടതി വിധിയുമായി വന്ന രാജ്മോഹനെ സിഐടിയു നേതാക്കൾ തല്ലിച്ചതക്കുകയാണ് ചെയ്തത്.
എന്നാൽ സിപിഎം സിഐടിയു പ്രവർത്തകർ മുതലാളിയെന്ന് മുദ്രകുത്തി മർദിച്ച രാജ്മോഹൻ ആവട്ടെ നാട്ടുകാരുടെ പ്രിയപ്പെട്ടവനും മനുഷ്യ സ്നേഹിയുമാണ്. കിടപ്പാടം ഇല്ലാത്ത 50 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കാൻ തന്റെ 40 സെന്റ് സ്ഥലം സൗജന്യമായി കൈമാറിയ രാജ് മോഹന്റെ പഴയ വാർത്ത ഇപ്പോൾ വീണ്ടും ജനശ്രദ്ധ നേടുകയാണ്.
തിരുവാർപ്പ് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കിളിരൂർ കുന്നുംപുറം പ്രദേശത്ത് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനാണ് സ്ഥലം നൽകിയത്. ഒന്നര ഏക്കർ സ്ഥലമാണ് രാജ്മോഹന് ഇവിടെ സ്വന്തമായുള്ളത്. ബാക്കി സ്ഥലം അങ്കണവാടി ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂൾ കായിക പരിശീലന മൈതാനം തുടങ്ങിയ പദ്ധതികൾക്ക് വിട്ടു നൽകുകയും ചെയ്തു.
പഞ്ചായത്തിലെ സ്ഥിരതാമസക്കാരിൽ 102 പേർക്ക് സ്വന്തമായി വീടില്ലായിരുന്നു. ഇതിൽ 55 പേർക്ക് വീട് വയ്ക്കാൻ സ്ഥലമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. വീട് നിർമ്മിക്കാൻ ലൈഫ് മിഷൻ ഫണ്ട് ഉണ്ടെങ്കിലും സ്ഥലം വാങ്ങാൻ നൽകുന്നത് 2 ലക്ഷം രൂപയാണ്. 2 ലക്ഷം രൂപയ്ക്ക് മൂന്ന് സെന്റ് സ്ഥലം എങ്ങും ലഭിക്കാതെ വന്നതോടെ പദ്ധതി പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് തന്റെ അധ്വാനം കൊണ്ട് വാങ്ങിയ സ്ഥലം വിട്ടു നൽകാൻ രാജ്മോഹൻ തീരുമാനിച്ചത്.
രാജ്മോഹൻ വിദേശത്ത് ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യംകൊണ്ട് തുടങ്ങിയ നാല് ബസ് സർവീസുകളാണ് 15 കുടുംബങ്ങളുടെ അന്നം. അതിൽ ഒരു ബസിലെ രണ്ടുപേരാണ് ഇപ്പോൾ സംരംഭംഭം തന്നെ കട്ടപ്പുറത്താക്കി കൊടികുത്താൻ യൂണിയൻ സഹായംതേടിയത്.
പ്രതിസന്ധകൾക്കൊടുവിൽ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത് പ്രകാരം ശനിയാഴ്ച രാവിലെ 6.40-ന് സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി.പി.എം. നേതാക്കള്‍ തടഞ്ഞു. ഇവരെ മര്‍ദിക്കുകയും ചെയ്തിരുന്നു.