തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം ദുർബലമാകുന്നു. ജൂൺ മാസം പകുതി പിന്നിട്ടിട്ടും ഇത്തവണ മഴയുടെ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും അവസാനം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല. കൂടാതെ, ഒരു ജില്ലകൾക്കും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ജൂൺ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കേണ്ടതാണ്. നിലവിൽ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയും, കടലാക്രമണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് മത്സ്യബന്ധനം വിലക്കിയത്.
ജൂൺ 23 വരെ ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.