അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളോട് ചെയ്ത നിലപാട് ആണ് ഹരിതയുടെ കാര്യത്തില്‍ മുസ്‌ലിം ലീഗ് ചെയ്തതെന്ന് കെ.സുരേന്ദ്രന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകളോട് ചെയ്ത നിലപാട് ആണ് ഹരിതയുടെ കാര്യത്തില്‍ മുസ്‌ലിം ലീഗ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. യുഡിഎഫിലെ പ്രധാന കക്ഷിയായ ലീഗിന്റെ ഈ സ്ത്രീവിരുദ്ധ നിലപാടില്‍ രാഹുല്‍ ഗാന്ധിയുടെ മൗനം അവസരവാദപരമാണ്.

കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ ഒരക്ഷരം പറയുന്നില്ല. വനിതാമതില്‍ ഉണ്ടാക്കിയ നവോത്ഥാന നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഒരക്ഷരം മിണ്ടുന്നില്ല. പരാതി കിട്ടിയിട്ടും പ്രതികരിക്കാത്ത വനിതാകമ്മിഷന്‍ ജഡവസ്തുവായി മാറി. മതമൗലിക ശക്തികളെ പിണക്കാന്‍ യുഡിഎഫും എല്‍ഡിഎഫും തയാറല്ല. വി.ഡി.സതീശന്‍ എന്ന പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ സേഫ്റ്റി വാല്‍വ് ആയി മാറി. സര്‍ക്കാരിനെതിരെ ഉള്ള ജനരോഷം തണുപ്പിക്കാന്‍ സതീശന്‍ എല്ലാ വിഷയങ്ങളിലും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു.

എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ബന്ധം പുറത്തു വരികയാണ്. സിപിഎം ഭരിക്കുന്ന ബാങ്കില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കു കള്ളപ്പണ നിക്ഷേപമുണ്ട്. അതിനെതിരെ മിണ്ടരുത് എന്ന് സ്വന്തം എംഎല്‍എ ജലീലിനെ വിളിച്ചു വരുത്തി പിണറായി വിജയന്‍ പറഞ്ഞു. എആര്‍ നഗറില്‍ അന്വേഷിച്ചാല്‍ അത് കരുവന്നൂരിലും കല്യാശേരിയിലും കടകംപള്ളിയിലും എത്തി നില്‍ക്കും.

കെ.സുധാകരന്‍ മന്‍മോഹന്‍ സിങ്ങിനെ പോലെ ആയി. ഒരക്ഷരം മിണ്ടുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ ശബ്ദം എങ്കിലും ഉയര്‍ത്താന്‍ രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞു. ചെന്നിത്തലയെ ഈ സംഘം പുകച്ചു പുറത്താക്കി. അവര്‍ ഇപ്പോള്‍ പിണറായിക്കു സ്തുതിഗീതം പാടുന്നു – സുരേന്ദ്രന്‍ ആരോപിച്ചു.

Advertisment