തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം തനിക്ക് ലഭിച്ച സർട്ടിഫിക്കറ്റ് ആണെന്ന് കെ ടി ജലീൽ എം എൽ എ. എ ആർ നഗർ സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാങ്കിലെ നിക്ഷേപകരുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് കെ ടി ജലീൽ പറഞ്ഞു.
നിലവിൽ സംസ്ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ഉണ്ടായാല്‍ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇ.ഡി വരണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കെ.ടി ജലീല്‍ തന്നെ വ്യക്തമാക്കിയ കാര്യമാണെന്നും ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ.ഡിയുടെ മുമ്പില്‍ ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇ.ഡിയുടെ മുമ്പില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ജലീല്‍ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീലിനെ സിപിഐഎം തള്ളി എന്ന പ്രചരണം കണ്ടു. എന്നാല്‍ ജലീല്‍ നല്ലൊരു ഇടത് സഹയാത്രികന്‍ ആയിത്തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.