കൊച്ചി∙ ഓണ്‍ലൈനായി രണ്ടു ലക്ഷം രൂപ ലോണ്‍ നല്‍കാമെന്നു പ്രലോഭിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സഹോദരങ്ങളായ ഡല്‍ഹി മലയാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ഡല്‍ഹി രഗുബീര്‍ നഗറില്‍ താമസിക്കുന്ന വിവേക് പ്രസാദ്(29), സഹോദരന്‍ വിനയ് പ്രസാദ്(23) എന്നിവരാണ് അറസ്റ്റിലായത്. ട്രാവന്‍കൂര്‍ ഫിനാന്‍സിയേഴ്സ്, ലക്ഷ്മി വിലാസം ഫിനാന്‍സിയേഴ്സ് എന്നീ കമ്പനി പേരുകളില്‍ സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശ നിരക്കിലും പുരുഷന്‍മാര്‍ക്ക് രണ്ടു ശതമാനം പലിശ നിരക്കിലും ലോണ്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
എസ്‌എംഎസ് വഴി ആളുകളെ വലയിലാക്കി ആധാര്‍കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പ്. ഫീസ് ലഭിച്ചാല്‍ ഉടന്‍ കരാര്‍ ലെറ്റര്‍ അയച്ചു നല്‍കും. ലോണ്‍ തുക അക്കൗണ്ടില്‍ കയറാന്‍ തടസമുണ്ടെന്നും ഡിഡി എടുക്കണം, നികുതി അടയ്ക്കണം എന്നെല്ലാം ആവശ്യപ്പെട്ട് വീണ്ടും പണം വാങ്ങും. പരമാവധി പണം തട്ടിയെടുത്ത ശേഷം എടിഎമ്മിലൂടെ ഡല്‍ഹിയില്‍നിന്നു പണം പിന്‍വലിച്ച് ഫോണ്‍ ഓഫ് ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.
തിരുവല്ല, ഹരിപ്പാട് സ്വദേശികളായ മാതാപിതാക്കളുടെ മക്കളാണ് പിടിയിലായവര്‍. ജനിച്ചു വളര്‍ന്നത് ഡല്‍ഹിയിലാണെങ്കിലും ഇവര്‍ നന്നായി മലയാളം സംസാരിക്കും .തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് ഡല്‍ഹിയിലെത്തി അറസ്റ്റു ചെയ്ത പ്രതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പനങ്ങാട് സ്വദേശി പ്രഭിലാലാണ് രണ്ടു ലക്ഷം രൂപയ്ക്കായി ഒന്നര ലക്ഷം രൂപയോളം വിവിധ ആവശ്യങ്ങള്‍ക്കായി ചോദിച്ചപ്പോള്‍ നല്‍കിയത്. ഇയാള്‍ നല്‍കിയ പരാതിയില്‍ പനങ്ങാട് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സൈബര്‍ ക്രൈം പൊലീസ് ഇവരെ ഡല്‍ഹിയില്‍നിന്ന് അറസ്റ്റു ചെയ്യുന്നത്