പാലായില്‍ ബിഷപ്പിനനുകൂലമായി സംഘടിപ്പിച്ച പരിപാടികള്‍ കയ്യടക്കി ബിജെപി നേതാക്കള്‍ ; വിമുഖത പ്രകടിപ്പിച്ചു വിശ്വാസികളും ! മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പരിപാടിയില്‍ പങ്കെടുത്തത് നാനൂറ് പേര്‍ മാത്രം. വിശ്വാസികളെ ചൊടിപ്പിച്ചത് സംഘാടനത്തില്‍ പോലും ബിജെപി നേതാക്കള്‍ മുഖ്യറോള്‍ വഹിച്ചത്. ഐക്യദാര്‍ഢ്യ മാര്‍ച്ച് വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ബിജെപി പ്രൊഫൈലുകള്‍ വഴി ! കുടുംബ യൂണിറ്റ് തലത്തില്‍ വിശ്വാസികളോട് സമരവിവരം നേരിട്ട് അറിയിച്ചിട്ടും സഭ പ്രതീക്ഷിച്ചതിന്‍റെ പത്തിലൊന്ന് പങ്കാളിത്തം ഉണ്ടായില്ല. ബിജെപി ജില്ലാ അധ്യക്ഷനും മുന്‍ അധ്യക്ഷനും മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും മുഖ്യപ്രസംഗകരായതിലും വിമര്‍ശനം. ബിഷപ്പിനെ അനുകൂലിക്കുമ്പോഴും ബിജെപിക്ക് കുടപിടിക്കുന്നത് അംഗീകരിക്കുന്നതില്‍ മുഖം തിരിച്ച് പാലായിലെ വിശ്വാസി സമൂഹം

New Update

publive-image

ഫോട്ടോ കടപ്പാട് - കേരള കൗമുദി

കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി രണ്ടുദിവസമായി സഭ നടത്തുന്ന ഐക്യദാര്‍ഢ്യ യോഗങ്ങളില്‍ വിശ്വാസി പങ്കാളിത്തം നന്നേ കുറവ്.

Advertisment

ഇന്നലെ കുറെയേറെ സംഘടനകളുടെ നേതൃത്വത്തിലും ഇന്നു രൂപതയിലെ യുവജന പ്രസ്ഥാനമായ എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലുമാണ് ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് സമ്മേളനം നടത്തിയത്. എന്നാല്‍ ഈ സമ്മേളനങ്ങളില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യവും നേതൃത്വവുമാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്.

ആദ്യ ദിവസം കാസ, ക്രോസ്, ഡിസിഎഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പാലാ ബിഷപ്പു ഹൗസിലേക്ക് ഐക്യദാര്‍ഢ്യ മാര്‍ച്ചും സമ്മേളനവും നടത്തിയത്. ഇതില്‍ മുന്‍ എസ് ഡി പി ഐ സഹയാത്രികന്‍ പിസി ജോര്‍ജും ബിജെപി നേതാക്കളുമായിരുന്നു വേദി കയ്യടക്കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്നിവരും മുന്‍ നിരയില്‍ തന്നെ നിന്നു.

publive-image

അന്നത്തെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ എല്ലാ കുടുംബങ്ങള്‍ക്കും രൂപതാ അധികൃതര്‍ നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. രൂപതാ കേന്ദ്രത്തില്‍ നിന്നും ഫെറോനാ തലത്തിലും തുടര്‍ന്ന് ഇടവക വികാരിമാരെയും വിവരം വാട്‌സ്ആപ്പ്, മെസേജ് ആയി അറിയിച്ചു. വികാരിമാര്‍ ഓരോ കുടുംബ വാര്‍ഡിലുമുള്ള വിശ്വാസികുടുംബങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശമയച്ചിരുന്നു.

എന്നാല്‍ അന്നു പങ്കെടുത്ത് നാനൂറ് പേര്‍ മാത്രമാണ്. പാലാ രൂപതയുടെ വിശ്വാസ സമൂഹത്തിന്റെ ശക്തിയനുസരിച്ച് കുറഞ്ഞത് 10000 പേരെ പങ്കെടുപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത് . ഇന്നു എസ്എംവൈഎം നടത്തിയ പരിപാടിയിലും പങ്കാളിത്തം കുറഞ്ഞു. ഇന്നു ബിജെപി നേതാവ് ജോര്‍ജ് കുര്യനടക്കമുള്ളവരാണ് പരിപാടിക്ക് എത്തിയത്.

ബിഷപ്പിന്റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പിനായും വര്‍ഗീയ പ്രചാരണത്തിനായുമുള്ള വേദിയായാണ് ബിജെപി കാണുന്നതെന്നാണ് വിശ്വാസികളുടെ പരാതി. അതുകൊണ്ടുതന്നെയാണ് ഇത്തരം പരിപാടികളില്‍ വിശ്വാസികളുടെ പങ്കാളിത്തം കുറയുന്നത്. സംഘപരിവാറിന്റെ മൈക്കായി രൂപതയുടെ പരിപാടികള്‍ മാറരുതെന്നാണ് വിശ്വാസികള്‍ പറയുന്നത്.

പലപ്പോഴും ഈ പരിപാടികളുടെ അറിയിപ്പുപോലും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ബിജെപി, ആര്‍എസ്എസ് നേതാക്കളായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പോലും ഇത്തരം മെസേജുകള്‍ പങ്കുവച്ച് ആളെ കൂട്ടാന്‍ നോക്കി. ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ രൂപതാംഗങ്ങളെക്കാള്‍ ഉത്സാഹത്തിലാണ് ഈ പരിപാടിക്ക് ആളെ കൂട്ടാന്‍ നോക്കിയത്.

ഇതുകൊണ്ടുതന്നെയാണ് വിശ്വാസികള്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നത്. പാലായുടെ സമീപ ഇടവകകളില്‍ നിന്നും രൂപതാംഗങ്ങള്‍ പരിപാടികളില്‍ നിന്നും വിട്ടു നിന്നിരുന്നു.

Advertisment