കേരളം

നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പുലിവാല്‍ പിടിച്ച് തൃശൂരിലെ യുഡിഎഫ് ! ഡിസിസി പ്രസിഡന്റ് അറിയാതെ ജീവനക്കാരന്‍ യുഡിഎഫിനായി ഇറക്കിയ പ്രസ്താവനയില്‍ പാലാ ബിഷപ്പിന് പിന്തുണ ! ബിഷപ്പ് പറഞ്ഞത് ഒരു മതത്തിനും എതിരല്ലെന്നും വിവാദമാക്കേണ്ടെന്നും പ്രസ്താവനയില്‍. ഉടന്‍ ഇടപെട്ട് നിലപാട് തിരുത്തി ഡിസിസി പ്രസിഡന്റ് ! യുഡിഎഫിലെ ചില ‘തല്‍പരകക്ഷികള്‍’ ഇറക്കിയ പ്രസ്താവനയാണെന്നും വിശദീകരണം. നര്‍ക്കോട്ടിക് ജിഹാദില്‍ തൃശൂര്‍ കോണ്‍ഗ്രസിനും കൈപൊള്ളി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, September 14, 2021

തൃശൂര്‍: നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് തൃശ്ശൂര്‍ ജില്ലാ യുഡിഎഫ് നേതൃത്വം ഇറക്കിയ പ്രസ്താവന വിവാദത്തില്‍. പ്രസ്താവന ഇറക്കിയത് യുഡിഎഫിലെ ചില തല്‍പ്പര കക്ഷികളാണെന്നും കോണ്‍ഗ്രസിന്റെ ഓഫീസിലെ ഒരു സ്റ്റാഫിനെ സ്വാധീനിച്ചാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നും ഡിസിസി പ്രസിഡന്റ് പറയുന്നു.

ജില്ലയിലെ യുഡിഎഫ് ഇറക്കിയ പ്രസ്താവനയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായ പ്രസ്താവന വന്നത്. ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു തൃശൂരിലെ യുഡിഎഫ് നേതൃത്വത്തിന്റെ പേരില്‍ പുറത്തുവന്ന പ്രസ്താവന.

എന്നാല്‍ ഈ പ്രസ്താവനയെ തള്ളി തൊട്ടുപിന്നാലെ തന്നെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രംഗത്ത് വന്നു. പ്രസ്താവനയുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തല്‍പ്പര കക്ഷികള്‍ ഇറക്കിയതാണ് പ്രസ്താവനയെന്നുമാണ് പ്രസിഡന്റ് ജോസ് വള്ളൂരിന്റെ പ്രതികരണം.

ഡിസിസിയിലെ ജീവനക്കാരനാണ് പ്രതിയെന്നാണ് ഡിസിസിയുടെ നിലപാട്. ഒരു ഘടകക്ഷി നേതാവ് കൊടുത്ത പണിയാണിതെന്നും സംസാരമുണ്ട്. എന്തായാലും വിഷയത്തില്‍ നടപടി വേണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.

×