കേരളം

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയിയുടെ സംസ്കാരം ഇന്ന്

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, September 19, 2021

കൊച്ചി: അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം റോയിയുടെ സംസ്കാരം ഇന്ന്. രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു ഇന്നലെ ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്.

കടവന്ത്രയിലെ കെ.പി വള്ളുവൻ റോഡിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. കെ.എം റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ നേരത്തെ അനുശോചനം അറിയിച്ചിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിൽ എം.എ വിദ്യാർഥിയായിരിക്കെ 1961-ൽ കേരളപ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായാണ് കെ.എം റോയിയുടെ മാധ്യമജീവിതത്തിന് തുടക്കം. ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ ദിനപത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു.എൻ.ഐ. വാർത്താ ഏജൻസിയിലും ജോലി ചെയ്തു.

മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തനരംഗത്തുനിന്ന് വിരമിച്ച കെ.എം റോയ്, തുടർന്ന് ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതി. ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ തുടങ്ങി അൻപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

സ്വദേശാഭിമാനി – കേസരി അവാർഡ് ഉൾപ്പെടെ പത്രപ്രവർത്തന മേഖലയിലെ മികവിന് നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. കോട്ടയം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി, രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേര്ണലിസ്‌റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

കെ.എം റോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർ അനുശോചിച്ചു. നിഷ്പക്ഷമായ മാധ്യമ പ്രവർത്തനമായിരുന്നു കെ.എം റോയിയുടേതെന്നും എഴുത്തുകാർക്കിടയിൽ അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനം ഉണ്ടായിരുന്നുവെന്നും പ്രൊഫ എം ലീലാവതി അനുസ്മരിച്ചു.

പത്രപ്രവര്‍ത്തകരുടെ വേജ്‌ബോര്‍ഡ്, പ്രസ് അക്കാദമി, പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളുടെ ആസൂത്രകരില്‍ ഒരാളായിരുന്ന കെ.എം റോയിയുടെ വിയോഗം മാധ്യമമേഖലയ്ക്ക് തീരാനഷ്ടമാണ്.

×