Advertisment

എന്‍സിപിയില്‍ ഭിന്നത രൂക്ഷം ; പിസി ചാക്കോയ്ക്ക് എതിരെ പഴയ എന്‍സിപിക്കാര്‍ ! ചാക്കോയും വിശ്വസ്തരും പഴയ എന്‍സിപിക്കാരെ വെട്ടിനിരത്തുന്നുവെന്ന് ആക്ഷേപം. ചാക്കോ വന്നപ്പോള്‍ തന്റെ ശത്രുക്കള്‍ക്ക് പണി നല്‍കാമെന്ന് ഓര്‍ത്ത ശശീന്ദ്രന് കിട്ടിയത് മുട്ടന്‍പണി ! തന്റെ വിശ്വസ്തനെ ശശീന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ വച്ച് പിസി ചാക്കോ. മന്ത്രിയുടെ നീക്കങ്ങളെല്ലാം സംസ്ഥാന പ്രസിഡന്റ് അപ്പപ്പോള്‍ അറിയുന്നു ! സ്ഥാനമാനങ്ങളൊന്നും കിട്ടാതെ വന്നതോടെ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയിലെത്തിയ നേതാക്കളും അസ്വസ്ഥര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന എന്‍സിപിയില്‍ കലഹം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്കു ചെയ്യുന്നുവെന്നാണ് മറു വിഭാഗത്തിന്റെ ആരോപണം. പിസി ചാക്കോയുടെ വിശ്വസ്തനായ സംസ്ഥാന സെക്രട്ടറി ബിജു ആബേല്‍ ജേക്കബിനെ മുന്‍നിര്‍ത്തി ചാക്കോ പഴയ എന്‍സിപി നേതാക്കളെ വെട്ടിനിരത്തുകയാണെന്നും ആക്ഷേപമുണ്ട്.

കോണ്‍ഗ്രസ് വിട്ട് പിസി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയപ്പോള്‍ എകെ ശശീന്ദ്രനാണ് ആദ്യം തന്നെ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. പാര്‍ട്ടിയിലെ തന്റെ ശത്രുക്കളെ ഒതുക്കാന്‍ പഴയ സുഹൃത്തുകൂടിയായ ചാക്കോ അകമഴിഞ്ഞു പിന്തുണയ്ക്കും എന്നു തന്നെയാണ് ശശീന്ദ്രന്‍ കരുതിയത്.

സംസ്ഥാന അധ്യക്ഷനാണെങ്കിലും മന്ത്രിയായ തനിക്ക് വഴിപ്പെട്ടു പിസി ചാക്കോ നില്‍ക്കുമെന്നും എകെ ശശീന്ദ്രന്‍ പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് തിരിച്ചാണ്. മന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്ന നിലപാടാണ് ചാക്കോ സ്വീകരിച്ചത്. പാര്‍ട്ടിയും മന്ത്രിയുമെല്ലാം തന്റെ കീഴില്‍ തന്നെ വേണമെന്ന് പിസി ചാക്കോ ശഠിച്ചു.

കേന്ദ്ര നേതൃത്വവും ചാക്കോയ്ക്ക് പിന്തുണ നല്‍കിയതോടെ ശശീന്ദ്രന്‍ നിസഹായനായി. ഇതോടെ പഴയ എന്‍സിപിക്കാരെ ഒന്നിപ്പിച്ചു നിര്‍ത്താൻ ശശീന്ദ്രന്‍ വിഭാഗം നീക്കം തുടങ്ങി. ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതില്‍ ചാക്കോയ്ക്ക് എതിരെ അതൃപ്തരായവരെയെല്ലാം ശശീന്ദ്രന്‍ സംഘടിപ്പിച്ചു. മുന്‍ പ്രസിഡന്റ് ടിപി പീതാംബരനും ശശീന്ദ്രനൊപ്പം ചേര്‍ന്നു.

എന്നാല്‍ തന്റെ ഇഷ്ടപ്രകാരമെ എല്ലാം നടക്കൂ എന്ന നിലയില്‍ ചാക്കോ മുമ്പോട്ടുപോയി. മന്ത്രി എകെ ശശീന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ തന്റെ വിശ്വസ്തനായ ബിജു ആബേല്‍ ജേക്കബിനെ വയ്ക്കണമെന്ന ആവശ്യം ശശീന്ദ്രന് അംഗീകരിക്കാതിരിക്കാനായില്ല. ബിജുവിലൂടെ ചാക്കോ മന്ത്രിയുടെ എല്ലാ നീക്കങ്ങളും അറിയുന്നുണ്ട്.

ഇതിനിടയിലാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറികൂടിയായ ബിജു ആബേല്‍ ജേക്കബ് എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നത്. ഇതോടെ ബിജുവിനെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുകയാണ് പഴയ എന്‍സിപിക്കാര്‍.

അതിനിടെ ചാക്കോയ്ക്ക് ഒപ്പം കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ എത്തിയവരും മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ചില ബോര്‍ഡ്, കോര്‍പറേഷനുകള്‍ ലക്ഷ്യമിട്ട് വന്നരാണ് ഈ അസ്വസ്ഥര്‍. ഇനിയും സ്ഥാനങ്ങളൊന്നും കിട്ടിയില്ലേല്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പ് ഇവര്‍ ചാക്കോയ്ക്ക് നല്‍കിയിട്ടുണ്ട്. ചാക്കോയുടെ ഏകാധിപത്യ പ്രവണതയില്‍ എതിരുള്ള പഴയ എന്‍സിപിക്കാരാകട്ടെ കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്.

NEWS
Advertisment