കേരളം

ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ പാത ഇരട്ടിപ്പിക്കൽ ഡിസംബർ 31നകം പൂർത്തിയാക്കും: തോമസ് ചാഴികാടൻ എം.പി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, September 22, 2021

കോട്ടയം: ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള 17 കിലോമീറ്റർ റെയിൽവേ ലൈനിന്റെ പാത ഇരട്ടിപ്പു ജോലികൾ ഡിസംബർ 31നകം പൂർത്തിയാക്കാൻ തോമസ് ചാഴികാടൻ എം.പി യുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി.

പാത ഇരട്ടിപ്പിക്കൽ, മേൽപ്പാലങ്ങളുടെയും നിർമ്മാണം സംബന്ധിച്ചും, ഭൂമി ഏറ്റെടുക്കൽ നടപടികൾ സംബന്ധിച്ചും, റവന്യു, റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

കാരിത്താസ്, മുളന്തുരുത്തി മേൽപ്പാലങ്ങളുടെ സമീപന പാതയുടെ നിർമാണത്തിന്, റീടെൻഡർ വിളിക്കാൻ പൊതുമരാമത്ത് വകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ, 2018ലെ അംഗീകൃത നിരക്കിൽ പുതുക്കിയ ഭരണാനുമതിക്കു വേണ്ടിയുള്ള പ്രൊപ്പോസൽ ഗവൺമെന്റിന് സമർപ്പിച്ചു കഴിഞ്ഞു. പുതുക്കിയ ഭരണാനുമതി ലഭിച്ചാൽ ഉടനെ തന്നെ രണ്ടു മേൽപ്പാലങ്ങളുടെയും ടെൻഡർ നടപടികൾ സ്വീകരിക്കുന്നതാണ് .
പൂവന്തുരുത്ത് മേൽപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുവാൻ ആരംഭിച്ചു കഴിഞ്ഞു.

ഈ പാലവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ. നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ, നാഗമ്പടം സ്റ്റേഡിയത്തിനു സമീപമുള്ള അംഗനവാടി കെട്ടിടം ഒഴിപ്പിച്ച് റെയിൽവേയെ ഏൽപ്പിക്കുന്ന നടപടികൾ, കോട്ടയം മുട്ടമ്പലം പി ആൻഡ് ടി ക്വാർട്ടേഴ്സ് മേൽപ്പാലം, മുട്ടമ്പലം അടിപ്പാത, റെയിൽവേ പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന കാളിയമ്മൻ ക്ഷേത്രം എന്നിവയുടെ കാര്യത്തിൽ, റവന്യു, റെയിൽവേ വകുപ്പുകൾ ഉടൻ നടപടി സ്വീകരിച്ച് പാത ഇരട്ടിപ്പിക്കൽ ജോലികൾക്ക് സൗകര്യം ഒരുക്കും. റബ്ബർബോർഡിൻറെ സമീപത്തെ മേൽപ്പാലം ഒക്ടോബർ രണ്ടിനും, മാഞ്ഞൂർ മേൽപ്പാലം ഡിസംബർ 31നും മുൻപായി ഗതാഗതത്തിന് തുറന്നു കൊടുക്കും .

കുറുപ്പന്തറ മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിനു വേണ്ടി ആകെയുള്ള 54 വസ്തുക്കളിൽ 52ന്റെയും വില നിശ്ചയിച്ചു കഴിഞ്ഞു . ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ കാര്യത്തിൽ പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗം അടിയന്തിരമായി തീരുമാനം എടുക്കും.

മുളന്തുരുത്തി കുരിക്കാട് മേൽപ്പാലത്തിന്റെ 36.8 കോടി രൂപയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് അംഗീകരിച്ചിട്ടുണ്ട്. കൂടാതെ, GAD റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ഉടൻ അംഗീകരിക്കും. അതിനു ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ റവന്യു വകുപ്പ് ആരംഭിക്കും. കടുത്തുരുത്തി മേൽപ്പാലത്തിന്റെ GAD ഉടൻ അംഗീകരിക്കും. അതിനു ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ റവന്യു വകുപ്പ് ആരംഭിക്കും.

തോമസ് ചാഴികാടൻ എം.പി യെ കൂടാതെ ജില്ലാ കളക്ടർ, പി.കെ .ജയശ്രീ, ഡെപ്യൂട്ടി കളക്ടർ (എൽ.എ) മുഹമ്മദ് ഷാഫി, റെയിൽവേ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഉദാത്ത സുധാകർ, റെയിൽവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ബാബു സഖറിയ, ജോസ് അഗസ്റ്റിൻ, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിത മാത്യു, ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ ഐസക് വർഗീസ്, തഹസിൽദാർമാരായ ലിറ്റിമോൾ തോമസ് . സി.ജെ.സന്ധ്യാ ദേവി, റോസ്ന ഹൈദ്രോസ്, പി.പുഷ്പലത, വാല്യൂവേഷൻ അസിസ്റ്റൻറ്മാരായ മിനി കെ.ബി, ബെന്നി .എം ,ജെറോം ഡെപ്യൂട്ടി തഹസിൽദാർ സുഭാഷ് കുമാർ ടി.കെ, കോട്ടയം മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ജീവൻ.പി , കോട്ടയം മുനിസിപ്പാലിറ്റി സൂപ്രണ്ട് ശ്യാം ഇ .കെ, അസിസ്റ്റന്റ് എഞ്ചിനീയർ (കെ.എസ്.ഇ.ബി) വിജി പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു .

×