കേരളം

വാഹനാപകടത്തിൽ മരിച്ച യുവ എൻജിനീയറുടെ കുടുംബത്തിന് 2.19 കോടി നഷ്ടപരിഹാരം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 22, 2021

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച യുവ സോഫ്‌റ്റ്‌വെയർ എൻജിനീയറുടെ ആശ്രിതർക്ക് 1,58,65,184 രൂപയും ഹർജി ഫയൽ ചെയ്‌ത 2017 നവംബർ മുതൽ അനുവദിച്ച 8% പലിശയും കോടതി ചെലവും ഉൾപ്പെടെ 2.19 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്.

2017 ഏപ്രിൽ 24-നാണ് ബെംഗളൂരു ഓഫിസിലെ സീനിയർ അനലിസ്റ്റ് ആയിരുന്ന തിരുവനന്തപുരം വിളവൂര്‍ക്കല്‍ കുണ്ടമണ്‍ഭാഗം കുറിഞ്ചിമണ്‍ കട്ടയ്ക്കല്‍ റോഡില്‍ തംബുരുവില്‍ പ്രണവ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്. തിരുവനന്തപുരം നഷ്ടപരിഹാര കോടതിയാണ് പ്രണവിൻറെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ചോള എംഎഎസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. മരിക്കുമ്പോള്‍ പ്രണവിന് 28 വയസായിരുന്നു.

ഭാര്യ രേഷ്മയെ ഇടപ്പഴഞ്ഞിയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ വിട്ടശേഷം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോള്‍ മരുതുംകുഴി പാലത്തിനു സമീപം പുറകിൽനിന്ന് അമിത വേഗത്തിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

×