കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 23, 2021

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. പൊന്മുടി, കല്ലാര്‍ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

വിതുര പഞ്ചായത്തിലെ കല്ലാര്‍ വാര്‍ഡ് കണ്ടെയ്‌ന്മെന്റ് സോണ്‍ ആയതിനെ തുടര്‍ന്നാണ് നടപടി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടരമാസത്തോളം സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊന്മുടി അടുത്തിടെയാണ് തുറന്നത്. സഞ്ചാരികളുടെ തിരക്ക് ഏറിയതോടെ പൊന്മുടിയില്‍ പ്രവേശനത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

ഒന്നാം ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവര്‍, കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ് ഒരുമാസം പിന്നിട്ടവര്‍ എന്നിങ്ങനെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍, കല്ലാര്‍ വാര്‍ഡ് കണ്ടെയ്‌ന്മെന്റ് സോണില്‍ നിന്നും ഒഴിവാകുമ്പോള്‍ മാത്രമേ ഇനി സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

×