കേരളം

സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; ‘ബയോ ബബിള്‍’ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 23, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളില്‍ ബയോബബിള്‍ ആശയത്തില്‍ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണ ജോര്‍ജും തിരുവനന്തപുരത്ത് പറഞ്ഞു.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കും ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിവേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക.

ആശങ്കയ്ക്ക് ഒട്ടും ഇടമില്ലാത്ത രീതിയില്‍ കുട്ടികളെ പൂര്‍ണമായും സുരക്ഷിതരായി സ്‌കൂളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാകാത്ത തരത്തില്‍ ക്രമീകരണം നടത്തും. വരുന്ന രണ്ടുമൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

പ്ലസ്‍ വണ്‍ പ്രവേശനത്തിന് അണ്‍ എയ്‍ഡഡില്‍ സീറ്റ് കൂട്ടുമെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കടുത്ത സീറ്റ് ക്ഷാമത്തിനിടെ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ തുടങ്ങിയിരിക്കുയാണ്.

×