കേരളം

സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം; ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികൾ ഉണ്ടെന്നത് അതീവ സന്തോഷകരമെന്ന് മുഖ്യമന്ത്രി; എല്ലാവര്‍ക്കും ആശംസ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, September 24, 2021

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ കരസ്ഥമാക്കിയത്. ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികൾ ഉണ്ടെന്നത് അതീവ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെ. മീര (6-ാം റാങ്ക്), മിഥുന്‍ പ്രേംരാജ് (12-ാം റാങ്ക്), കരീഷ്മ നായർ (14-ാം റാങ്ക്), അപര്‍ണ രമേഷ് (35-ാം റാങ്ക്) എന്നിവർ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന റാങ്ക് നേടിയ കെ. മീരയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷയിൽ വിജയം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാടിൻ്റെ നന്മയ്ക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

×