കേരളം

കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് സംസ്ഥാന നേതൃത്വം. ചിദംബരത്തിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലം അറിയില്ല : കെ സുധാകരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 26, 2021

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് സംസ്ഥാന നേതൃത്വമാണെന്നും നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞതിന്റെ പശ്ചാത്തലം എന്താണെന്ന് അറിയില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.ചിദംബരം അത്തരം ഒരു പരാമര്‍ശം നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ചിദംബരത്തോട് തന്നെ ചോദിക്കണം. ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ല. ഇത് കേരളവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സുധാകരന്‍ പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ നയത്തിലും തീരുമാനത്തിലും ഇതുവരെ മാറ്റമില്ല. കേരളത്തില്‍ മതസൗഹാര്‍ദവും ഐക്യവും സമാധാനവും ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.

മത സമുദായ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിക്കുമെന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസ് പിറകോട്ട് പോയിട്ടില്ല. ഈ വിഷയത്തില്‍ ആശയ വ്യക്തയില്ലാത്തതും അഭിപ്രായ ഭിന്നത ഉള്ളതും സിപിഎമ്മിലാണ്. സിപിഎം നിലപാടില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്, അത് വ്യക്തമാക്കുന്നതാണ്.

മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് വഴങ്ങി അവസാനം ഡിവൈഎഫ്‌ഐ നിലപാട് മാറ്റിയെങ്കിലും വിവാദ വിഷയത്തില്‍ ചര്‍ച്ചവേണമെന്ന നിലപാടാണ് ആദ്യം ഇടത് യുവജന സംഘടന സ്വീകരിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

×