തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗബാധയെ തുർന്നും ഇത് സാമ്പത്തികമായി ഉണ്ടാക്കിയ പ്രതിസന്ധി മൂലവും ആത്മഹത്യ ചെയ്തത് നിരവധി പേരെന്ന് റിപ്പോർട്ട്. 34 പേരാണ് കൊറോണമൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.
2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കണക്കാണിത്. എം.കെ മുനീറിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 2018, 2019, 2020 വർഷത്തെക്കാൾ 2021ൽ ആത്മഹത്യ നിരക്ക് കൂടുതലാണെന്നും രേഖയിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് 2018ൽ 8320 പേരാണ് ആത്മഹത്യ ചെയ്തത്.
2019ൽ 8585 പേരും 2020ൽ 8480 പേരും ആത്മഹത്യ ചെയ്തു. 2021ൽ 11,142 പേരാണ് ആത്മഹത്യ ചെയ്തതെന്ന് കണക്കുകളിൽ പറയുന്നു. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണിത്. 2020ലെക്കാൾ 2662 ആത്മഹത്യയാണ് വർദ്ധിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കൊറോണ കാലത്ത് ഏർപ്പെടുത്തിയ ലോക്ഡൗണിലാണ് കൂടുതൽ ആത്മഹത്യ ഉണ്ടായത്. നിത്യവരുമാനക്കാരും പലതരം വായ്പകളുടെ സഹായത്തോടെ ചെറിയ സംരംഭം തുടങ്ങിയവരും കൈത്തൊഴിലുകാരും അപ്രതീക്ഷിതമായുണ്ടായ അടച്ചുപൂട്ടലിൽ പ്രതിസന്ധിയിലായി. ഇതാണ് പലരേയും ആത്മഹത്യയിലേക്ക് നയിച്ചത്.