കേരളം

പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സണുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു ! ചോദ്യം ചെയ്യല്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തി. വീണ്ടും സഹിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം ! മോന്‍സണും സഹിനുമായുള്ള സാമ്പത്തിക ഇടപാടിലും അന്വേഷണം ! പോലീസുദ്യോഗസ്ഥരെ എന്തിനു പരിചയപ്പെടുത്തിയത് തട്ടിപ്പിനായിരുന്നോയെന്നും ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘം. 24 ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ക്ക് കുരുക്കാകുമോ അന്വേഷണം ?

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, October 13, 2021

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്റെ സുഹൃത്തായ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നു ഉച്ചകഴിഞ്ഞ് ഓഫീസിലേക്ക് വിളിപ്പിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

മൂന്നു മണിക്കൂറിലേറെ സഹിനില്‍ നിന്നും വിവരങ്ങള്‍ സംഘം ചോദിച്ചറിഞ്ഞുവെന്നാണ് സൂചന. നേരത്തെ മോന്‍സണെതിരെ പരാതി നല്‍കിയവര്‍ സഹിനെതിരെയും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മോന്‍സണെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയത് സഹിനായിരുന്നുവെന്നാണ് അവര്‍ പറഞ്ഞിരുന്നത്.

സഹിനും മോന്‍സണും തമ്മിലുള്ള പണമിടപാടുകളും ബന്ധവും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞതായാണ് വിവരം. മോന്‍സണ്‍ രക്ഷാധികാരിയായ പ്രവാസി സംഘടനയുടെ മീഡിയാ കോ ഓര്‍ഡിനേറ്ററായിരുന്നു സഹിന്‍ ആന്റണി. മോന്‍സന്റെ പുരാവസ്തു വീഡിയോകളുടെ നിര്‍മ്മാണം നിര്‍വഹിച്ചതും സഹിന്‍ ആന്റണിയായിരുന്നു.

ഈ സാഹചര്യത്തിലാണ് സഹിനെ ആദ്യ ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ഇനിയും സഹിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. നേരത്തെ 24 ന്യൂസിന്റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന സഹിന്‍ ആന്റണിയെ ചാനല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

×