അയോധ്യയിലെ ദശരഥ പുത്രൻ രാമന്റെ യഥാർഥ പേരും വിലാസവും പൊലീസ് കണ്ടെത്തി; തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെ കേസ്

New Update

publive-image

വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നൽകി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. അയോധ്യയിലെ ദശരഥന്റെ മകൻ രാമൻ എന്ന പേരും വിലാസവും നൽകിയ യുവാവ് പൊലീസിനെ കബളിപ്പിച്ചത് നവമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിവച്ചിരുന്നു.

Advertisment

ഒടുവിൽ അയോധ്യയിലെ ദശരഥ പുത്രൻ രാമന്റെ യഥാർഥ പേരും വിലാസവും ചടയമംഗലം പൊലീസ് കണ്ടെത്തി. ആളുടെ സ്ഥലം കാട്ടാക്കടയ്ക്കടുത്ത് മൈലാടി. യഥാർഥ പേര് നന്ദകുമാർ. ഈ മാസം പന്ത്രണ്ടിനാണ് നന്ദകുമാർ സീറ്റ് ബൽറ്റ് ഇടാതെ വണ്ടിയോടിച്ചതിന് പൊലീസിന്റെ പിടിയിലായത്. 500 രൂപ പിഴയൊടുക്കിയ പൊലീസിനോടാണ് നന്ദകുമാർ തെറ്റായ മേൽവിലാസം നൽകിയത്.

സ്ഥലം അയോധ്യയെന്നും അച്ഛന്റെ പേര് ദശരഥൻ എന്നും സ്വന്തം പേര് രാമൻ എന്നും നന്ദകുമാർ പറഞ്ഞു. നന്ദകുമാർ നൽകിയത് തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സർക്കാരിന് കാശു കിട്ടിയാൽ മതിയെന്നായിരുന്നു പിഴയൊടുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്നാൽ കള്ളപേരും വിലാസവും പറഞ്ഞ് പൊലീസിനെ ട്രോളിയ വീഡിയോ നന്ദകുമാർ പ്രചരിപ്പിച്ചതോടെയാണ് പൊലീസ് കേസ് എടുത്തതും ആളെ കണ്ടെത്തിയതും.

ഐപിസി 419, കേരള പൊലീസ് ആക്ടിലെ 121, മോട്ടോർ വാഹന നിയമത്തിലെ 179 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് മുന്നും. അടുത്ത ദിവസം തന്നെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ നവമാധ്യമങ്ങളിൽ നേരിട്ട അപമാനത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Advertisment